Site iconSite icon Janayugom Online

പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം; മൂന്ന് പാക് പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് താലിബാൻ

പാക്- അഫ്ഗാന്‍ അതിര്‍ത്തി സംഘര്‍ഷം കനത്തു. ഖൈബര്‍ പക്തൂണ്‍ഖ്വ- ബലൂച് അതിര്‍ത്തിയില്‍ ആറിടങ്ങളിലായി കഴിഞ്ഞ ദിവസം രാത്രി പാക്- അഫ്ഗാന്‍ സേനകള്‍ ഏറ്റുമുട്ടി. മൂന്ന് പാകിസ്ഥാൻ അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്തതായും കനത്ത തിരിച്ചടി നൽകിയ ഓപ്പറേഷൻ അർദ്ധരാത്രിയോടെ അവസാനിപ്പിച്ചതായും താലിബാൻ പ്രതിരോധ മന്ത്രാലയം വക്താവ് ഇനായത് ഖോവറാസ് അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ തിരിച്ചടി വിജയകരമായിരുന്നുവെന്നും അവർ അവകാശപ്പെട്ടു. കാബൂളില്‍ പാക് താലിബാന്‍ ഗ്രൂപ്പായ തെഹ്‌രീക് ‑ഇ — താലിബാന്‍ നേതാവിനെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഏറ്റുമുട്ടല്‍.

വ്യാഴാഴ്ച അഫ്ഗാന്‍ തലസ്ഥാനത്ത് രണ്ട് സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ഇതിനു പിന്നില്‍ പാകിസ്ഥാനാണെന്നാണ് താലിബാന്റെ ആരോപണം. പാക് ആക്രമണത്തിനു മറുപടിയായി അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളില്‍ പാക് സുരക്ഷാ സേനയ്ക്കു നേരെ താലിബാന്‍ സേന കനത്ത തിരിച്ചടി നല്‍കിയതായി അഫ്ഗാന്‍ സൈന്യം പ്ര്‌സതാവനയില്‍ അറിയിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഇനിയും പ്രകോപനം നടത്തിയാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പും താലിബാന്‍ പാകിസ്ഥാന് നല്‍കിയിട്ടുണ്ട്.

Exit mobile version