Site iconSite icon Janayugom Online

സംഘര്‍ഷഭരിതം; അറബിക്കടലില്‍ ഇന്ത്യന്‍ നാവികാഭ്യാസം,പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു

പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെ ഉടലെടുത്ത ഇന്ത്യ — പാക് സംഘര്‍ഷം തുടരുന്നു. ഇന്ത്യൻ നാവിക സേന വീണ്ടും അറബിക്കടലിൽ മിസൈലുകൾ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തി. രണ്ടാം തവണയാണ് സേന മിസൈല്‍ പരീക്ഷണം നടത്തുന്നത്.
കടലിന് നടുവിലുള്ള യുദ്ധക്കപ്പലുകളിൽ നിന്ന് ബ്രഹ്മോസ് കപ്പല്‍വേധ, മിസൈല്‍ വേധ ക്രൂയിസ് മിസൈലുകൾ തൊടുത്തുവിടുന്നതിന്റെ ദൃശ്യങ്ങളും നാവികസേന പങ്കിട്ടു. കൊൽക്കത്ത ക്ലാസ് ഡിസ്ട്രോയറുകളും നീലഗിരി ക്രിവാക് ക്ലാസ് ഫ്രിഗേറ്റുകളും നാവികാഭ്യാസത്തില്‍ പങ്കെടുത്തു. ഏതുസമയത്തും എവിടെ വേണമെങ്കിലും ആക്രമണം നടത്താൻ തങ്ങൾ തയ്യാറാണെന്നും നാവികസേന ആവര്‍ത്തിച്ചു.
കറാച്ചി തീരപ്രദേശത്ത് മിസൈൽ പരീക്ഷണം നടത്താൻ പദ്ധതിയിടുന്നതായുള്ള പാകിസ്ഥാന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നാവികസേനയുടെ മിസൈല്‍ പരീക്ഷണം. ഇന്ത്യയുടെ ഏറ്റവും പുതിയ തദ്ദേശീയ പടക്കപ്പലായ ഐഎന്‍എസ് സൂറത്ത്, അതിവേഗ ലോ ഫ്ലൈയിങ് ലക്ഷ്യങ്ങളെ ഇടത്തരം ഭൗമ‑വ്യോമ മിസൈല്‍ സംവിധാനം ഉപയോഗിച്ച് തകര്‍ക്കാനുള്ള പരീക്ഷണങ്ങള്‍ അറബിക്കടലില്‍ അടുത്തിടെ നടത്തിയിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാനും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്നു.
അതിനിടെ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും പാക് സേന പ്രകോപനമില്ലാതെ വെടിയുതിര്‍ത്തു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. തുട്മാരി ഗലി, രാംപൂര്‍ സെക്ടറുകളില്‍ വ്യാപകമായ ആക്രമണമുണ്ടായി. ഇതോടെ അതിർത്തിഗ്രാമങ്ങളിൽ ബങ്കറുകൾ സജ്ജമാക്കാൻ സുരക്ഷാ സേന നിര്‍ദേശം നല്‍കി.
അതിര്‍ത്തി മേഖലയിലെ കൃഷിയിടങ്ങളിലെ വിളകൾ 48 മണിക്കൂറിനുള്ളിൽ കൊയ്തെടുക്കണമെന്ന് കർഷകർക്ക് ബിഎസ്എഫ് നോട്ടീസ് നല്‍കി. അന്താരാഷ്ട്ര അതിർത്തിയിലെ 530 കിലോമീറ്റർ ദൂരത്തിൽ 45,000 ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. പഞ്ചാബിലെ ഫിറോസ്‌പുർ, തരൻതരൻ, ഫസിൽക ജില്ലകളിൽ ജില്ലാ അധികൃതർ ഇതുസംബന്ധിച്ച് ഉച്ചഭാഷിണികൾ വഴിയും അറിയിപ്പ് നൽകി.

Exit mobile version