Site iconSite icon Janayugom Online

ഒറ്റക്ക് മത്സരിക്കുമെന്ന അൻവറിന്റെ ഭീഷണിയിൽ ഭയന്ന് കോൺഗ്രസ്; നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാൻ തൃണമൂൽ കോൺഗ്രസ് യോഗം ഇന്ന്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ഒറ്റക്ക് മത്സരിക്കുമെന്ന പി വി അൻവറിന്റെ ഭീഷണിയിൽ ഭയന്ന് കോൺഗ്രസ് നേതൃത്വം. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് യുഡിഎഫ് പ്രവേശനത്തിന് അനുമതി നിഷേധിച്ചാൽ തൃണമൂൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാൻ തൃണമൂൽ കോൺഗ്രസ് യോഗം ഇന്ന് ചേരും. അൻവറിന്റെ ഭീഷണി കോൺഗ്രസിൽ ഉണ്ടാക്കിയ തർക്കങ്ങൾ ചെറുതല്ല. അൻവറിനെതിരെ പറഞ്ഞ പ്രതിപക്ഷ നേതാവിന്റെ നിലപാട് തള്ളി കെ സുധാകരൻ പരസ്യമായി രംഗത്തെത്തിയിരുന്നു.

 

യുഡിഎഫ് മുന്നണിയിൽ ചേരാനുള്ള നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടതോടെ തുടർനടപടികൾ ആലോചിക്കാൻ ആണ് തൃണമൂൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരുന്നത്. വൈകിട്ട് മഞ്ചേരിയിൽ ചേരുന്ന യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യവും പാർട്ടി എടുക്കേണ്ട നിലപാടും ചർച്ചയാകും. രണ്ടു ദിവസത്തിനകം യുഡിഎഫിൽ ചേർത്തില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു നേരത്തെ തൃണമൂൽ മണ്ഡലം കമ്മിറ്റി യോഗം വ്യക്തമാക്കിയിരുന്നത്. യുഡിഎഫ് പ്രവേശനത്തിനായി ഒരു ദിവസം കൂടെ കാത്തു നിൽക്കാനും വിജയം കണ്ടില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനുമാണ് നീക്കം.
പിവി അൻവർ മത്സരിക്കണോ അതോ മറ്റ് ആരെയെങ്കിലും നിർത്തണോ എന്ന കാര്യവും പരിശോധിക്കും.

Exit mobile version