Site icon Janayugom Online

കെ റയിൽ: മുതലെടുപ്പിന് കോൺഗ്രസും ബിജെപിയും; സംഘര്‍ഷനീക്കം

കെ റയിലിനെതിരെയുള്ള നാട്ടുകാരുടെ ആശങ്ക മുതലെടുത്തു കോൺഗ്രസും ബിജെപിയും സംഘര്‍ഷം സൃഷ്ടിക്കുന്നു. ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും അവയെല്ലാം പരിഹരിച്ചു മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകു എന്നുമുള്ള സംസ്ഥാന സർക്കാരിന്റെ നയത്തെ അട്ടിമറിക്കാനാണ് ഇരുകൂട്ടരുടെയും നീക്കം. പല സ്ഥലങ്ങളിലും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി പദ്ധതിക്കെതിരെ തിരിക്കുക എന്ന തന്ത്രമാണ് ഇവർ നടപ്പിലാക്കുന്നത്. അങ്ങനെ സമരത്തിനെത്തുന്നവര്‍ക്കിടയില്‍ നുഴഞ്ഞുകയറി അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയും സംഘര്‍ഷാവസ്ഥയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഇന്നലെ ചങ്ങനാശേരി മാടപ്പള്ളി മുണ്ടുകുഴിയിൽ കെ റയിൽ കല്ലിടലിനെതിരെ ഉണ്ടായ പ്രതിഷേധവും ഇതിന്റെ ഭാഗമായിരുന്നു.

നടപടിക്രമം പാലിക്കാതെയാണ് കല്ലിടാനെത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഒരുകൂട്ടം പ്രദേശവാസികളുടെ പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ പൊലീസ് എത്തിയിരുന്നു. ഇതിനിടെ സമരസ്ഥലത്തെത്തിയ കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ അനാവശ്യ പ്രകോപനം സൃഷ്ടിച്ചതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. സ്ത്രീകളെയും കുട്ടികളെയും അടക്കം പൊലീസ് ആക്രമിച്ചെന്നു വരുത്തി തീർക്കുകയായിരുന്നു കോൺഗ്രസ്-ബിജെപി ശ്രമം. മുൻ എംഎൽഎ കെ സി ജോസഫിന്റെ നേതൃത്വത്തിൽ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ ഉപരോധനാടകം അടക്കം സംഘടിപ്പിച്ചു.

ഇതിനിടെ പൊലീസ് പ്രതിഷേധക്കാരെ വലിച്ചിഴച്ചു എന്നാരോപിച്ച് ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ കോൺഗ്രസ് ചങ്ങനാശേരിയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ഹർത്താലിന് പിന്തുണ പ്രഖ്യപിച്ചു. രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധം ഉച്ചയോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത നീക്കേണ്ട സാഹചര്യം ഉണ്ടായത്. പ്രതിഷേധക്കാർക്കിടയിലേക്ക് ചിലർ മനപ്പൂർവ്വം കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍.

അക്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. ഇത്തരം പ്രവണതകളില്‍ നിന്ന് പ്രതിപക്ഷം പിന്‍മാറണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടു.

വികസന പദ്ധതികളെ അനാവശ്യ വിവാദങ്ങളാൽ തടുക്കാൻ ശ്രമിക്കുന്നതു നല്ല പ്രവണതയല്ലെന്നും കഴമ്പില്ലാത്ത വിവാദങ്ങളെ സർക്കാർ മുഖവിലയ്ക്കെടുക്കില്ലെന്നും മാധ്യമപുരസ്ക്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിനു മാതൃകയാകുംവിധം കേരളത്തെ പുതുക്കിപ്പണിയാനും അതുവഴി നവ കേരളം സൃഷ്ടിക്കാനുമുള്ള ശ്രമത്തിലാണു സർക്കാർ. വരും തലമുറയെക്കരുതിയുള്ള ദീർഘകാല പദ്ധതികൾ കേരളത്തിന് ആവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

eng­lish sum­ma­ry; Con­gress and BJP to exploit; Con­flict relief

you may also like this video;

Exit mobile version