Site iconSite icon Janayugom Online

കോൺഗ്രസിന് മതനിരപേക്ഷ മനസ് നഷ്ടപ്പെട്ടു: മുഖ്യമന്ത്രി പിണറായി വിജയൻ

കോൺഗ്രസിന് മതനിരപേക്ഷ മനസ് നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ സംഘ്പരിവാർ മനസിനോട് ചേരുകയാണവർ. കേന്ദ്ര സർക്കാർ ആർഎസ്എസിന്റെ തീവ്ര അജണ്ട നടപ്പാക്കുമ്പോൾ കോൺഗ്രസിന് അതിനോട് ചേർന്നുനിൽക്കാനാണ് താല്പര്യമെന്നും പിണറായി കുറ്റപ്പെടുത്തി. എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

2014ൽ ബിജെപിക്ക് അധികാരത്തിൽ വരാൻ അവസരമൊരുക്കിയത് കോൺഗ്രസിന്റെ രണ്ടാം യുപിഎ സർക്കാരിന്റെ ജനദ്രോഹനയങ്ങളാണ്. ബിജെപി ജനങ്ങൾക്ക് മോഹനവാഗ്ദാനങ്ങൾ നൽകി. കോൺഗ്രസ് ഭരണത്തിൽ മനം മടുത്തവർ ബിജെപിയുടെ വാഗ്ദാനം കേട്ട് അവരെ അധികാരത്തിലേറ്റി. വാഗ്ദാനങ്ങളെപ്പറ്റി ബിജെപി പിന്നീട് ആലോചിച്ചതുപോലുമില്ല. ഇപ്പോഴും ജനങ്ങളെ വഞ്ചിക്കുകയാണ്. ജനങ്ങൾക്ക് കടുത്തദുരിതമാണ് ബിജെപി സമ്മാനിച്ചത്. ആർഎസ്എസ് നിയന്ത്രിക്കുന്ന പാർട്ടി ആയതിനാൽ അവരുടെ നയം നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. 

തുടർഭരണം കയ്യിൽ കിട്ടിയതോടെ തനിനിറം പുറത്തെടുത്ത ബിജെപി തീവ്രമായ വര്‍ഗീയഅജണ്ടയാണ് നടപ്പാക്കുന്നത്. രാജ്യത്തെ മതനിരപേക്ഷത തകർക്കുന്നത് അടക്കമുള്ള ആർഎസ്എസ് അജണ്ട നടപ്പാക്കാക്കുകയാണ് രണ്ടാം മോഡി സർക്കാർ. പ്രളയത്തിൽ മുങ്ങിയ കേരളത്തെ സഹായിക്കാൻ തയ്യാറാകാതിരുന്ന കേന്ദ്ര സർക്കാർ വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായവും തടഞ്ഞു. അവരാണ് കേരളത്തിൽ വികസനം കൊണ്ടുവരുമെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Summary:Congress has lost its sec­u­lar spir­it: Chief Min­is­ter Pinarayi Vijayan

You may also like this video

Exit mobile version