Site iconSite icon Janayugom Online

എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പെരുന്നയിലേക്ക്

ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനൊപ്പമാണെന്ന എന്‍എസ് എസ് നേതൃത്വം ഉറപ്പിച്ചു പറഞ്ഞ സാഹചര്യത്തില്‍ വേവലാതി പൂണ്ട കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്എസിന്റെ ചങ്ങനാശേരി പെരുന്നയിലുള്ള ആസ്ഥാനത്ത് കയറി ഇറങ്ങുകയാണ്. എന്‍എസ്എസുമായി നല്ല ബന്ധമുള്ള നേതാക്കളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി,സുകുമാരന്‍ നായരെ കാണാനായി എത്തുന്നത്. കൊടിക്കുന്നില്‍ സുരേഷ് ആണ് ജനറല്‍ സെക്രട്ടറിയെ ആദ്യം സന്ദര്‍ശിച്ചത്. കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍ എത്തി .കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. അനുനയ നീക്കവുമായി ചാണ്ടി ഉമ്മനും, ആന്റോ ആന്റണയും രംഗത്തുണ്ട്. 

സുകമാരന്‍ നയരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് കുര്യന്‍ .എന്‍എസ്എസിനെ അനുനയിപ്പിക്കണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം ആവശ്യപ്പെട്ടിരുന്നുവെന്ന സൂചനകളും ഇതിനിടെ പുറത്തുവന്നിരുന്നു. ശബരിമല വിഷയത്തിൽ എൻഎസ്എസ് എൽഡിഎഫിനൊപ്പമാണെന്ന ജി സുകുമാരൻ നായര്‍ അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം പറഞു കഴിഞ്ഞു. അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ പങ്കെടുക്കുകയും ചെയ്തു . അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോൺഗ്രസിനെ വിമർശിച്ച സുകുമാരൻ നായർ, കോൺഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളോടുള്ള സമദൂര നിലപാടിൽനിന്നും എൻഎസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്നുമടക്കം പിന്നാലെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ശബരിമല വിഷയത്തിലെ എൻഎസ്എസ് സ്വീകരിച്ച നിലപാടിൽ നിന്നും പറഞ്ഞ കാര്യത്തിൽ മാറ്റമില്ലെന്നായിരുന്നു സുകുമാരൻ നായരുടെ നിലപാട്.

സമദൂര നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ ജി സുകുമാരൻ നായർ, ശബരിമല നിലപാടിൽ രാഷ്ട്രീയ വിഷയവുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത് മന്നത്ത് പത്മനാഭൻ സ്വീകരിച്ച നിലപാടാണ് അത് തുടരുന്നുവെന്നേയുള്ളൂവെന്നും കഴിഞ്ഞ ദിവസം പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന പ്രതിനിധി സഭാ യോഗത്തിനു ശേഷം സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Exit mobile version