ബലാത്സംഗക്കേസില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റില്‍. നാല് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.
സീതാപൂരില്‍ നിന്നുള്ള എംപിയായ രാകേഷ് റാത്തേഡ് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് ഘടകം ജനറല്‍ സെക്രട്ടറി കൂടിയാണ്. സ്വവസതിയില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് റാത്തോഡിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷയിൽ കോടതിയിൽ ഹാജരാക്കി. ഈ മാസം 17നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തന്നെ വിവാഹം കഴിക്കാമെന്നും രാഷ്ട്രീയ ജീവിതത്തില്‍ പങ്കാളിയാക്കാമെന്നും വാഗ്‌ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. റാത്തോഡുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ച് രാകേഷ് റാത്തോഡിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അതിനിടെ 22ന് റാത്തോഡും മകനും പരാതി ഒത്തുതീർപ്പാക്കുന്നതിന് കുടുംബത്തിന് മേൽ സമ്മർദം ചെലുത്തുന്നുവെന്ന് പരാതിക്കാരിയുടെ ഭർത്താവ് മറ്റൊരു പരാതി നൽകിയിരുന്നു. റാത്തോഡ് എംപിയുടെ കൂട്ടാളികൾ ഭാര്യയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ പറയുന്നു.

