Site iconSite icon Janayugom Online

കോണ്‍ഗ്രസ് നിലപാട് ഡല്‍ഹിയില്‍ ഇഡിക്കെതിരെയും കേരളത്തില്‍ ഇഡിക്കുവേണ്ടിയും: കാനം രാജേന്ദ്രന്‍

CPICPI

ഡല്‍ഹിയില്‍ ഇഡിക്കെതിരെയും കേരളത്തില്‍ ഇഡിക്കുവേണ്ടിയും എന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ തിരുവനന്തപുരം മണ്ഡലം സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ നിലകൊള്ളുകയാണ്. ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്.

കോണ്‍ഗ്രസ് നേതാവായ ചിദംബരത്തിനെ 11 മാസമാണ് ജയിലിലിട്ടത്. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാനുള്ള നോട്ടീസ് നല്‍കിയിരിക്കുകയാണ്. എന്‍സിപിയുടെയും എഎപിയുടെയും മന്ത്രിമാരെ അറസ്റ്റ് ചെയ്യുന്ന നിലയുണ്ടായി. ഡല്‍ഹിയില്‍ ബിജെപിയും കോണ്‍ഗ്രസും യുദ്ധം ചെയ്യുമ്പോള്‍, അവര്‍ ഇവിടെ ഏകോദര സഹോദരന്മാരെപ്പോലെ സമരം ചെയ്യുകയാണെന്നും കാനം പറഞ്ഞു.

ദേശീയ പ്രസ്ഥാനത്തില്‍ യാതൊരു പങ്കുമില്ലാത്ത സംഘടനയാണ് ബിജെപി. ആര്‍എസ്എസും ഹിന്ദുമഹാസഭയുമുള്‍പ്പെടെയുള്ളവര്‍ സ്വാതന്ത്ര്യസമരത്തില്‍ സ്വീകരിച്ച നിലപാട് എന്താണെന്ന് ചരിത്രം പരിശോധിക്കുന്നവര്‍ക്ക് മനസിലാകും. ഇതിലൊന്നും യാതൊരു പങ്കുമില്ലാത്ത അവര്‍ ഇപ്പോള്‍ രാജ്യസ്നേഹത്തിന്റെ പേര് പറഞ്ഞ് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. പൗരസ്വാതന്ത്ര്യവും ജനാധിപത്യവും ഇല്ലാതാക്കി ഏകാധിപത്യ ഭരണത്തിലേക്ക് പോകുകയാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ ബുള്‍ഡോസര്‍ ഭരണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നതിന്റെ മുഖ്യ കാരണം പ്രതിപക്ഷത്തിലെ അനൈക്യമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിരിക്കുകയാണ്. യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ അനൈക്യം കൊണ്ടാണ് പലയിടങ്ങളിലും ബിജെപി ജയിച്ചുവന്നതെന്ന് കാണാന്‍ കഴിയും. ബിജെപിയുടെ നിലപാടുകള്‍ക്കെതിരെ യോജിച്ച പോരാട്ടം ഉയര്‍ന്നുവരേണ്ടതുണ്ട്. പ്രസി‍‍ഡന്റ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് വ്യക്തമായ ഭൂരിപക്ഷമില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ അവര്‍ക്ക് വിജയം അനായാസമാകില്ല. എന്നാല്‍ പ്രധാനമന്ത്രിപദം സ്വപ്നം കാണുന്ന ചില പ്രാദേശിക പാര്‍ട്ടികളുടെ നീക്കം ബിജെപിയെ സഹായിക്കുക മാത്രമെ ചെയ്യൂ. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാന്‍ കഴിയണം. അതിന് പ്രസ്ഥാനം ശക്തിപ്പെടുത്തണം. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന പ്രസ്ഥാനമായി വളര്‍ന്നുവരണമെന്നും കാനം പറഞ്ഞു.

Eng­lish Sum­ma­ry: Con­gress stand against ED in Del­hi and for ED in Ker­ala: Kanam Rajendran

You may like this video also

Exit mobile version