Site icon Janayugom Online

ജൈവവൈവിധ്യം സംരക്ഷിക്കുക പ്രധാന കടമ: മുഖ്യമന്ത്രി

നാടിന്റെ ജീവനാഡിയായ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നത് പ്രധാന കടമയായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജൈവവൈവിധ്യ സംരക്ഷണം ഔദ്യോഗിക തലത്തിൽ മാത്രം ഒതുങ്ങിപോകാതെ ഒരു ജനകീയ യജ്ഞമായി ഏറ്റെടുക്കേണ്ട പ്രവൃത്തിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജൈവ വൈവിധ്യ പരിപാലന സമിതികളും ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ജൈവ വൈവിധ്യ പരിപാലന സമിതികൾ രൂപീകരിച്ചിട്ടുള്ള ആദ്യ സംസ്ഥാനമാണ് കേരളം. പാരിസ്ഥിതിക ശോഷണം ഒഴിവാക്കുന്നതിന് പ്രാദേശിക പരിസ്ഥിതി ട്രാവൽ സംഘം ആയിട്ടാണ് ഈ സമിതികൾ പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇതിനോടകം തന്നെ ജനകീയ ജൈവ വൈവിധ്യ രജിസ്റ്ററുകൾ പൂർത്തീകരിച്ചിട്ടുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സൂചകങ്ങളെ അടിസ്ഥാനമാക്കി പ്രാദേശിക തല കർമ്മ പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള ഉപാധിയാണിവ. കാലാനുസൃതമായി ജൈവവൈവിധ്യ രജിസ്റ്ററുകൾ അപ്ഡേറ്റ് ചെയ്യാൻ ജൈവവൈവിധ്യ ബോർഡ് മുൻകൈയെടുക്കണം. അതോടൊപ്പം കേരളത്തിന്റെ ആവാസ വ്യവസ്ഥകൾക്ക് കടുത്ത ഭീഷണിയായി നിലനിൽക്കുന്ന അധിനിവേശ ജീവജാലങ്ങളുടെ നിയന്ത്രണങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും താമസമില്ലാതെ തുടക്കം കുറിക്കാൻ ആകണം. ഇത്തരത്തിൽ പ്രാദേശികമായി ലഭ്യമായി കൊണ്ടിരിക്കുന്ന ജൈവവൈവിധ്യ വിഭവങ്ങൾ, അവയിൽനിന്നുള്ള മൂല്യ വർധിത ഉല്പന്നങ്ങൾ ഇവയെല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രാദേശിക ജനങ്ങളുടെ ജീവിതോപാധി മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളെ കുറിച്ചായിരിക്കണം ഈ കോൺഗ്രസ് ചർച്ച ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായിരുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യ പ്രഭാഷണം നടത്തി. മേയർ ഡോ. ബീന ഫിലിപ്പ്, പി സതീദേവി, ഡോ. കെ സതീഷ് കുമാർ, ഡോ. ടി എസ് സ്വപ്ന, ഡോ. കെ ടി ചന്ദ്രമോഹനൻ, പ്രമോദ് ജി കൃഷ്ണൻ, മെമ്പർ സെക്രട്ടറി ഡോ. എ വി സന്തോഷ് കുമാർ, സംഘാടക സമിതി വൈസ് ചെയർമാൻ ഡോ. എടക്കോട്ട് ഷാജി തുടങ്ങിയവർ സംസാരിച്ചു. ഇന്ന് കുട്ടികളുടെ ജൈവവൈവിധ്യ സമ്മേളനം നടക്കും. 

Eng­lish Sum­ma­ry: Con­ser­va­tion of Bio­di­ver­si­ty Main Duty: Chief Minister

You may also like this video

Exit mobile version