Site icon Janayugom Online

വധഗൂഢാലോചന കേസ്:സായി ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി

sai sankar

വധഗൂഢാലോചനക്കേസില്‍ സ്വകാര്യ സൈബർ ഹാക്കർ സായി ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. മുൻ‌കൂർ ജാമ്യ ഹാർജി ഈ ഘട്ടത്തിൽ നിലനിൽക്കില്ലന്ന് കോടതി നിരീക്ഷിച്ചു. ഹാക്കർ സായി ശങ്കറിനെ ഇതുവരെ കേസില്‍ പ്രതി ചേർത്തിട്ടില്ല. സാക്ഷിയായാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാൻ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമായിരുന്നു സായി ശങ്കറിന്‍റെ ആവശ്യം. അന്വേഷണത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നതായും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയതിനു പിന്നാലെയാണ് മുൻകൂർ ജാമ്യത്തിനായുള്ള നീക്കം.

ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതിനെ തുടർന്നായിരുന്നു ഹർജി മാറ്റിയത്. നടിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിൽ പ്രധാന തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ സായി ശങ്കർ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ ദിലീപിന്റെ ഫോണിലെ പേഴ്സണൽ വിവരങ്ങൾ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്ന് സായി ശങ്കർ വിശദീകരിക്കുന്നു. കേസിൽ തന്നെ പ്രതിയാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും. ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാനുള്ള സമ്മർദത്തിന് വഴങ്ങാത്തതാണ് കരണം എന്നും സായി ശങ്കർ വെളിപ്പെടുത്തിയിരുന്നു. വധഗൂഢാലോചനക്കേസില്‍ ദിലീപിന്‍റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഹാക്കർ സായ് ശങ്കറിന്‍റെ ഭാര്യ എസ്സയെ ക്രൈംബ്രാ‌ഞ്ച് ചോദ്യം ചെയ്തരുന്നു. എസ്സയുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ഐ മാക് കംപ്യൂട്ടർ വഴിയാണ് ഫോൺ വിവരങ്ങൾ മായ്ച്ചതെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

കൂടുതൽ തെളിവ് ശേഖരിക്കാൻ സായ് ശങ്കറിനൊപ്പം എസ്സയെയും കൊച്ചിയിൽ വിളിച്ച് വരുത്തി വീണ്ടും ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാ‌ഞ്ച് വ്യക്തമാക്കി. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവായിരുന്നു ദിലീപിന്‍റെ ഫോണുകൾ. ഫോണുകൾ കോടതിയ്ക്ക് കൈമാറുന്നതിന് മുൻപ് സ്വകാര്യ ഹാക്കർ സായ് ശങ്കറിന്‍റെ സഹായത്തോടെ വിവരങ്ങൾ നശിപ്പിച്ചെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്‍റെ ഐ ഫോൺ സായ് ശങ്കറിന്‍റെ ഐമാക് കംപ്യൂട്ടറിൽ ഘടിപ്പിച്ചായിരുന്നു തെളിവ് നീക്കിയത്. ഈ ഐമാകിൽ ലോഗിൻ ചെയ്തത് ഭാര്യ എസ്സയുടെ ഐഡി വഴിയാണ്. ഇക്കാര്യത്തിൽ കൂടുതൽ തെളിവ് ശേഖരിക്കാനാണ് എസ്സയെ ചോദ്യം ചെയ്തത്. തന്‍റെ ഐഡി ഉപയോഗിച്ച് സായ് ഐമാക് ഉപയോഗിച്ചിരിക്കാമെന്നാണ് എസ്സ മറുപടി നൽകിയത്. ദിലീപിന്‍റെ ഫോണിൽ നിന്ന് നീക്കിയ ചില വിവരങ്ങൾ സായ്ശങ്കർ സ്വന്തം സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.
ഹാക്കറിന്‍റെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ഫോണുകൾ, ഐപാട് എന്നിവ കസ്റ്റഡിയിലടുത്ത് പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. പരിശോധന ഫലം ലഭിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകുമെന്ന് അന്വേഷണ സംഘം പറയുന്നു. സായ് ശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും കൊവിഡ് ലക്ഷണമുണ്ടെന്ന് പറഞ്ഞ് ഹാജരായിട്ടില്ല.

Eng­lish Sum­ma­ry: Con­spir­a­cy case: Sai Shankar’s antic­i­pa­to­ry bail grant­ed by HC

You may like this video also

Exit mobile version