Site iconSite icon Janayugom Online

മണ്ഡലപുനര്‍നിര്‍ണയം നീതിപൂര്‍വം നടത്തണം: എം കെ സ്റ്റാലിന്‍

ലോക്‌സഭാ മണ്ഡലപുനര്‍നിര്‍ണയം നീതിപൂര്‍വം നടത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മണ്ഡലപുനര്‍നിര്‍ണയം ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രത്യേക കര്‍മ്മസമിതി യോഗം നാളെ ചെന്നൈയില്‍ നടക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം ആഹ്വാനം ചെയ്തത്.
ദക്ഷിണേന്ത്യയടക്കമുള്ള ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. കേരള, കര്‍ണാടക, തെലങ്കാന, തമിഴ്നാട്, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ഒഡിഷയിലെ ബിജുജനതാദള്‍ നേതാവ് നവീന്‍ പട്നായിക്കും സമ്മേളനത്തിന്റെ ഭാഗമാകും. ഫെഡറലിസത്തിന് ഒരു ചരിത്ര ദിനം എന്നാണ് സ്റ്റാലിന്‍ ഇതിനെ വിശേഷിപ്പിച്ചത്.
രാജ്യത്തെ ഫെഡറിലിസത്തിന്റെ അടിത്തറ തകര്‍ക്കാനാണ് മോഡി സര്‍ക്കാര്‍ പുതിയ മണ്ഡലപുനര്‍നിര്‍ണയം അവതരിപ്പിക്കുന്നതെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാണിച്ചു. ജനാധിപത്യത്തിന്റെ സത്തയെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. പാര്‍ലമെന്റിലെ നമ്മുടെ ശബ്ദം ഇല്ലാതാക്കപ്പെടും. അവകാശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കുകയും ദേശീയ പുരോഗതിക്ക് കാര്യമായ സംഭാവന നല്‍കുകയും ചെയ്ത സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.
മണ്ഡല പുനര്‍നിര്‍ണയം 1971ലെ ജനസംഖ്യയെ അടിസ്ഥാനമാക്കി വേണമെന്നും ജനസംഖ്യ നിയന്ത്രിക്കാന്‍ മറ്റ് സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നതിനായി അടുത്ത 30 വര്‍ഷത്തേക്ക് തല്‍സ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ട് 60ഓളം തമിഴ് പാര്‍ട്ടികള്‍ ഈ മാസം അഞ്ചിന് യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ചിട്ടുണ്ട്. ബിജെപി ഒഴികെ എല്ലാ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നാളെ യോഗം ചേരുന്നത്. 

Exit mobile version