Site iconSite icon Janayugom Online

ഭരണഘടനയും അയോധ്യമുതല്‍ സംഭാല്‍ വരെയും

“ന്യൂനപക്ഷങ്ങള്‍ എന്ന കാഴ്ചപ്പാടുതന്നെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷസമുദായത്തിന്റെ സംസ്കാരം അംഗീകരിക്കണം. ജനങ്ങളുടെ ധര്‍മ്മനീതികള്‍ പ്രതിഫലിക്കുന്നതല്ല നിലവിലുള്ള ഭരണഘടന.”

2000മാര്‍ച്ച് 10ന് ആര്‍എസ്എസിന്റെ സര്‍സംഘ്ചാലകായി ചുമതലേയറ്റ കുന്നപ്പള്ളി സീതാരാമയ്യ സുദര്‍ശന്‍ 2000ഓഗസ്റ്റ് 14ന് ബിബിസി ചാനലില്‍ Hard Talk India പരിപാടിയുടെ അവതാരകനായ കരണ്‍ ഥാപ്പറിനോട് പറഞ്ഞ വാക്കുകളാണിത്. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘ്ചാലകായിരുന്ന മാധവ് സദാശിവ ഗോള്‍വാള്‍ക്കറുടെ വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നു സുദര്‍ശന്‍. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ ഭരണഘടനയെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് ‘ഇത് ഭാരതീയ വിരുദ്ധം — ഹൈന്ദവ വിരുദ്ധം’ എന്നാണ്. മനുസ്മൃതിയായിരിക്കണം ഭരണഘടനയുടെ ആധാരശിലയെന്നും ഗോള്‍വാള്‍ക്കര്‍ പറഞ്ഞു. ചാതുര്‍വര്‍ണ്യ ഇരുണ്ടകാലം പുനഃസ്ഥാപിക്കുകയെന്ന സംഘ്പരിവാര്‍ ഫാസിസ്റ്റ് അജണ്ട നടപ്പാക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന പൊളിച്ചെഴുതാന്‍ മുന്നിട്ടിറങ്ങുന്നത്. അതിനായി ഭരണഘടനാ ശില്പിയായ ഡോ. ബി ആര്‍ അംബേദ്കറെപ്പോലും പാര്‍ലമെന്റിനുള്ളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു. അതിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയും രംഗത്തുവരുന്നു.
1980 ഏപ്രില്‍ അഞ്ചിന് രൂപീകരിക്കപ്പെട്ട ബിജെപി കുപ്രസിദ്ധമായ പലാംപൂര്‍ പ്രമേയത്തിലൂടെ അയോധ്യയില്‍ നിലകൊള്ളുന്ന ബാബറി മസ്ജിദ് പൊളിച്ചുനീക്കണമെന്നും രാമന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലകൊള്ളുന്നതെന്നും മസ്ജിദ് നിലകൊള്ളുന്നയിടത്ത് രാമക്ഷേത്രം പണിയണമെന്നും ആവശ്യപ്പെട്ടു. അസ്പഷ്ടത നിറഞ്ഞ ആ പ്രമേയത്തെക്കുറിച്ച് ചരിത്രകാരനായ എം ജി നൂറാനി ‘ആര്‍എസ്എസ് — ബിജെപി ഒരു തൊഴില്‍ വിഭജനം’ എന്ന പുസ്തകത്തില്‍ പലാംപൂര്‍ പ്രമേയത്തെയും മസ്ജിദ് തകര്‍ക്കുന്നതിനായി ബിജെപിയും ആര്‍എസ്എസും ഉപസംഘടനകളും നടത്തിയ ആസൂത്രിതവും നിഗൂഢവുമായ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഫ്രഞ്ച് പണ്ഡിതനായ ക്രിസ്റ്റോഫ് ജഫ്‌ലോട്ടിന്റെ രചനയെ മുന്‍നിര്‍ത്തി ഈ വിധമെഴുതി;
‘പലാംപൂര്‍ പ്രമേയത്തിലെ ഭാഷയിലെ അസ്പഷ്ടത ഇതാണ്. ബാബറി മസ്ജിദ് നിലകൊള്ളുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടെങ്കിലും പ്രസ്തുത സ്ഥലത്ത് നിലകൊള്ളുന്ന പള്ളിയുടെ കാര്യത്തില്‍ എന്തുചെയ്യുമെന്ന് ബിജെപി പറയാതിരിക്കുകയും ചെയ്തു. 1992ഡിസംബര്‍ ആറിനാണ് അത് വ്യക്തമാക്കപ്പെട്ടത്. 

ബാബറി മസ്ജിദിനൊപ്പം കാശിയിലേക്കും മഥുരയിലേക്കും മസ്ജിദുകളും സംഘപരിവാരവും ബിജെപിയും ലക്ഷ്യമിട്ടിരുന്നു. ബാബറി മസ്ജിദ് തകര്‍ത്ത് തരിപ്പണമാക്കിയവര്‍, താഴികക്കുടങ്ങളെ മണ്‍തരികളാക്കിയവര്‍, അതുവഴി വര്‍ഗീയ ലഹളകളിലൂടെ രക്തക്കളങ്ങള്‍ തീര്‍ത്തവര്‍, തകര്‍ക്കേണ്ട മുസ്ലിം — ക്രൈസ്തവ ദേവാലയങ്ങളുടെ നീണ്ട പട്ടിക തയ്യാറാക്കുകയും ചെയ്തു. 1998 ജനുവരി എട്ടിന് ടൈംസ് ഓഫ് ഇന്ത്യയില്‍ ദിനാവകീലിന് നല്കിയ അഭിമുഖത്തില്‍ വാജ്പേയ് പറഞ്ഞു. ‘കാശിയിലേയും മഥുരയിലേയും പള്ളികള്‍ ഇപ്പോള്‍ ഞങ്ങളുടെ കാര്യപരിപാടിയിലില്ല’. വാജ്പേയ് ആവര്‍ത്തിച്ചുപറഞ്ഞപ്പോള്‍ അഭിമുഖകാരന്‍ വാജ്പേയിയോട് ആരാഞ്ഞു. ഇപ്പോള്‍ കാര്യപരിപാടിയില്ലെന്ന് പറയുന്നത് വ്യക്തമാക്കൂയെന്ന്. അപ്പോള്‍ വാജ്പേയ് പറഞ്ഞ മറുപടി വര്‍ത്തമാനകാലത്ത് പള്ളികളില്‍ സര്‍വേ നടത്തുകയും ബുള്‍ഡോസര്‍ രാജിലൂടെ തകര്‍ക്കുകയും അനധികൃത ഖനനങ്ങള്‍ അതിവേഗതയില്‍ പുരോഗമിക്കുകയും ചെയ്യുമ്പോള്‍ പ്രസക്തമാണ്. വാജ്പേയ് പറഞ്ഞതിങ്ങനെ, ‘ഇതിനര്‍ത്ഥം അവ തല്‍ക്കാലത്തേക്ക് ഞങ്ങളുടെ കാര്യപരിപാടിയില്‍ ഇല്ലെന്നാണ്. ഭാവിയില്‍ എന്തുസംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല’.

ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് ഇന്നു നാം കാണുന്നു. സംഭാല്‍, ജോന്‍പൂര്‍, ബദൗന്‍, അജ്മീര്‍, താജ്മഹല്‍, ഗ്യാന്‍വ്യാപി എന്നിവിടങ്ങളില്‍ സവര്‍ണ ഹൈന്ദവ ഫാസിസ്റ്റ് പൗരോഹിത്യത്തിന്റെ ബുള്‍ഡോസറുകളിലൂടെയും ഭരണകൂട മര്‍ദനോപകരണങ്ങളിലൂടെയും വെടിയുണ്ടകളിലൂടെയും അധിനിവേശവും അതിക്രമവും നടത്തുന്ന അത്യന്തം ഹീനമായ മതവിദ്വേഷ രാഷ്ട്രീയമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്.
464വര്‍ഷക്കാലത്തെ പാരമ്പര്യമുണ്ടായിരുന്ന ബാബറി മസ്ജിദ് രണ്ടര മണിക്കൂറുകള്‍കൊണ്ട് തകര്‍ത്തവര്‍ അതേ ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ 180വര്‍ഷം പഴക്കമുള്ള നൂറി ജമാമസ്ജിദിന്റെ ഭൂരിഭാഗവും ആദിത്യനാഥിന്റെ ഗവണ്‍മെന്റ് പൊളിച്ചുനീക്കി. പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ നല്കിയ നോട്ടീസിനെതിരെ മസ്ജിദ് കമ്മിറ്റിക്കാര്‍ അലഹാബാദ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി ഡിസംബര്‍ 13ന് പരിഗണിക്കാനിരിക്കവെയാണ് 10ന് ബുള്‍ഡോസര്‍ രാജിലൂടെ പൊളിച്ചത്. ബുള്‍ഡോസര്‍ രാജ് പാടില്ലെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെ അതിനെ കാറ്റില്‍ പറത്തിയാണ് ആദിത്യനാഥ് സര്‍ക്കാരിന്റെ അതിക്രമം. നിയമ നീതിന്യായ വ്യവസ്ഥയെ സംഘ്പരിവാര്‍ ശക്തികള്‍ മാനിക്കുന്നില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ജുഡീഷ്യറിയെ ഹൈജാക്ക് ചെയ്യുന്നതിന്റെ സംഘപരിവാര സാമര്‍ത്ഥ്യം രാമക്ഷേത്ര നിര്‍മ്മാണത്തിലെ സുപ്രീം കോടതി വിധിയില്‍ നാം കണ്ടു. പ്രത്യുപകാരമായി വിധിയെഴുതിയ ചീഫ് ജസ്റ്റിസ് ഗോഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. ചീഫ് ജസ്റ്റിസ് വി ഐ ചന്ദ്രചൂഡിന്റെ വിരമിക്കല്‍ വേളയിലെ പ്രഭാഷണത്തിലെ പരാമര്‍ശങ്ങളും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. അദ്ദേഹത്തിനും പ്രത്യുപകാരമായി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി പദവി ലഭിക്കുവാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വരുന്നു. ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് വംശവിദ്വേഷ പ്രസംഗം നടത്തിയ ഹെെക്കോടതി ന്യായാധിപനെ സുപ്രീം കോടതി കൊളീജിയം വിളിച്ചുവരുത്തുന്നു. ഒരു താക്കീതില്‍ അദ്ദേഹത്തിന്റെ കുറ്റകൃത്യം അവസാനിപ്പിക്കുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെയും ഫാസിസ്റ്റ് ശക്തികള്‍ തടവിലാക്കുന്നതിന്റെ ദുരനുഭവ ചിത്രങ്ങളാണിത്.

യുപിയിലെ സംഭാലിലും പള്ളി പൊളിക്കല്‍ യജ്ഞത്തിലാണ് ബിജെപി ഭരണകൂടം. സംഭാലിലെ മസ്ജിദില്‍ സര്‍വേ നടത്തി ഖനനം നടത്താനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച നാല് മുസ്ലിം യുവാക്കളെ വെടിവച്ചുകൊന്നവര്‍ സംഭാലിലേക്ക് ഒരു പ്രതിപക്ഷ കക്ഷിയെയും പ്രവേശിപ്പിക്കാത്ത ഭരണകൂടം വേട്ടയാടലുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സംഭാല്‍ ജുമാമസ്ജിദ് പരിസരത്തുള്ള ഭവനങ്ങളും കച്ചവടസ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്നു. പൊതുസ്ഥലത്തെ കയ്യേറ്റമാണെങ്കില്‍ കൃത്യതയോടെ മുന്‍കൂര്‍ നോട്ടീസ് നല്കണമെന്നും മറുവാദത്തിന് സമയം കൊടുക്കണമെന്നും സുപ്രീം കോടതി മാര്‍ഗരേഖ പ്രഖ്യാപിച്ചിട്ടും അര്‍ധരാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ ഇടിച്ചുനിരത്തുകയാണ്.

ഇതുതന്നെ ഹരിയാനയിലെ ബദൗനിലും യുപിയിലെ ജോന്‍പൂരിലും ആവര്‍ത്തിക്കപ്പെടുന്നു. ഗ്യാന്‍വ്യാപിയിലും അനുവര്‍ത്തിക്കുന്നത് മറ്റൊന്നല്ല. അകാലത്തില്‍ വേര്‍പിരിഞ്ഞ പ്രിയതമ മുംതാസിനായി അനശ്വര പ്രണയ സ്മാരകമെന്ന നിലയില്‍ നിര്‍മ്മിച്ച വെണ്ണക്കല്‍ ലോകാത്ഭുതമായ താജ്മഹല്‍ പൊളിക്കണമെന്നും താജ്‌മഹലിനടിയില്‍ ശിവലിംഗവും ശിവക്ഷേത്രവുമുണ്ടെന്ന വിചിത്രവാദം ചരിത്രവസ്തുതകളെ നിഷ്കാസനം ചെയ്തുകൊണ്ട് സംഘപരിവാര മതവിദ്വേഷവാദികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അജ്മീര്‍ ഇന്ത്യയില്‍ മുസ്ലിം മതവിഭാഗത്തിന്റെ വിശിഷ്ടകേന്ദ്രമാണ്. അതിനെയും സംഘപരിവാരം ദുരുപദിഷ്ട നിലപാടുകളോടെ കയ്യടക്കാന്‍ ശ്രമിക്കുന്നു. ഒഡിഷയില്‍ ക്രെെസ്തവവേട്ട നടത്തിയ, മണിപ്പൂരില്‍ ഇപ്പോഴും ക്രെെസ്തവരെ കൊന്നുതള്ളുകയും കൂട്ടബലാത്സംഗത്തിന് വിധേയരാക്കുകയും വനിതകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുകയും ക്രെെസ്തവ ദേവാലയങ്ങളും വിദ്യാലയങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്യുന്നവര്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞ മൂന്ന് മുഖ്യശത്രുക്കളായ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും ഇന്ത്യന്‍ മണ്ണില്‍ നിന്ന് നിഷ്കാസനം ചെയ്യാനുള്ള ആസൂത്രിത ശ്രമത്തിലാണ്.
സംഘപരിവാരത്തിന്റെ ഈ പൗരോഹിത്യ ഫാസിസ്റ്റ് അജണ്ടയില്‍ നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാനാവില്ല. ഇരുട്ടിന്റെ മറവില്‍ ബാബറി പള്ളിക്കുള്ളില്‍ കടന്നുകയറി സംഘ്പരിവാര്‍ രാമവിഗ്രഹം സ്ഥാപിച്ചപ്പോള്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന, മതനിരപേക്ഷ ബോധത്തിന്റെ പതാക മാറോട് ചേര്‍ത്തുപിടിച്ചിരുന്ന ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞു. ‘ അത് എന്നെന്നേക്കുമായി താഴിട്ടു ബന്ധിക്കുക, അതിന്റെ താക്കോല്‍ രാമന്‍ മുങ്ങിത്താണ സരയൂ നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയുക’- പക്ഷേ 1986 ഫെബ്രുവരിയില്‍ സംഘ്പരിവാറിന് ശിലാന്യാസം നടത്തുവാന്‍ അദ്ദേഹത്തിന്റെ ചെറുമകന്‍ രാജീവ് ഗാന്ധി തുറന്നുകൊടുത്തു. 1992 ഡിസംബര്‍ ആറിന് കോണ്‍ഗ്രസ് പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിശബ്ദ പിന്തുണയോടെ പള്ളി പൊളിക്കുകയും ചെയ്തു.
1982 മാര്‍ച്ചില്‍ കന്യാകുമാരിയില്‍ നടന്ന വര്‍ഗീയ ലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പി വേണുഗോപാല്‍ ആര്‍എസ്എസിനെ അതിനിശിതമായി കുറ്റപ്പെടുത്തിക്കൊണ്ട് റിപ്പോര്‍ട്ടില്‍ ഈവിധം രേഖപ്പെടുത്തി- ആര്‍എസ്എസ് തീവ്രവാദപരവും ആക്രമണോത്സുകവുമായ സമീപനം അവലംബിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദുക്കളുടെ അവകാശങ്ങളുടെ വക്താവായി സ്വയം രംഗത്തുവരികയും ചെയ്യുന്നു. ന്യൂനപക്ഷത്തിന് അവരുടെ സ്ഥാനം എവിടെയാണെന്ന് പഠിപ്പിക്കുകയും തല്‍സ്ഥാനം ഏറ്റെടുത്തില്ലെങ്കില്‍ അവരെ ഒരു പാഠം പഠിപ്പിക്കുകയും ചെയ്യുക എന്ന കര്‍ത്തവ്യം സ്വയം ഏറ്റെടുത്തിരിക്കുകയാണ് അവര്‍. വര്‍ഗീയതയ്ക്കും വര്‍ഗീയലഹളകള്‍ക്കും ആര്‍എസ്എസ് മാന്യത പകരുകയും ഭരണയന്ത്രത്തെ നിര്‍വീര്യമാക്കുകയും ചെയ്തു. വര്‍ഗീയ ആക്രമണത്തിന് പ്രകോപനമുണ്ടാക്കുന്ന രീതികളെക്കുറിച്ചും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്;

‘(എ)രാജ്യത്തോട് കൂറുള്ളവരല്ല ക്രെെസ്തവര്‍ എന്ന് പ്രചരിപ്പിച്ച് ഭൂരിപക്ഷ സമുദായത്തില്‍ വര്‍ഗീയവികാരം ഉണര്‍ത്തുക. (ബി)ന്യൂനപക്ഷ ജനസംഖ്യ വര്‍ധിക്കുന്നുവെന്നും ഹിന്ദുക്കളുടേത് കുറയുന്നുവെന്നും സമര്‍ത്ഥമായി പ്രചരിപ്പിച്ച് ഭൂരിപക്ഷ സമുദായത്തില്‍ ഭീതി പടര്‍ത്തുക. (സി)ഭരണയന്ത്രത്തില്‍ നുഴഞ്ഞുകയറുകയും സിവില്‍-പൊലീസ് സര്‍വീസുകളിലെ അംഗങ്ങള്‍ക്കിടയില്‍ വര്‍ഗീയവികാരം ഊതിപ്പെരുപ്പിക്കുക.
(കേരളത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പും എഡിജിപി എം ആര്‍ അജിത് കുമാറിന്റെ സംഘപരിവാര മേധാവികളുമായുള്ള കൂടിക്കാഴ്ചയും ഇതിനോട് ചേര്‍ത്തുവായിക്കണം) (‍ഡി)കഠാര, വാള്‍, കുന്തം മുതലായ ആയുധങ്ങള്‍ ഉപയോഗിക്കുവാന്‍ ഭൂരിപക്ഷ സമുദായത്തിലെ യുവാക്കളെ പരിശീലിപ്പിക്കുക. (ഇ)വര്‍ഗീയ ചേരിതിരിവ് വിപുലീകരിക്കുന്നതിന് കിംവദന്തികള്‍ പ്രചരിപ്പിക്കുകയും ഏത് നിസാര സംഭവത്തിനും വര്‍ഗീയ നിറം പകര്‍ന്ന് വികാര തീക്ഷ്ണമാക്കുകയും ചെയ്യുക.’

അയോധ്യയില്‍ നിന്ന് സംഭാലിലേക്കെത്തുമ്പോള്‍, മണിപ്പൂര്‍ കത്തിയമരുമ്പോള്‍, ഭരണഘടന ധ്വംസിക്കപ്പെടുമ്പോള്‍ ജസ്റ്റിസ് പി വേണുഗോപാലിന്റെ നിരീക്ഷണങ്ങള്‍ പ്രസക്തമാണ്. കഠാരകളുടെയും കൊടും വാളുകളുടെയും കുന്തങ്ങളുടെയും അധമ രാഷ്ട്രീയത്തിനെതിരായി ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കുവാന്‍ നാം നിതാന്ത ജാഗ്രതയോടെ നിദ്രാവിഹീനരായി നിലകൊള്ളണം. 

Exit mobile version