കശ‍്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് രാജ്യത്തിന്റെ ഐക്യത്തിന് തടസമായതിനാലാണെന്ന വിചിത്രന്യായവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യയില്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ലോക‍്സഭയില്‍ നടന്ന ചര്‍ച്ചയ‍്ക്ക് മറുപടി പറയുമ്പോഴാണ് മോഡിയുടെ വാദം. പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ‍്തു.
ഒരു മണിക്കൂര്‍ 50 മിനിറ്റ് നീണ്ട രാഷ‍്ട്രീയ പ്രസംഗത്തിനാണ് പാര്‍ലമെന്റ് വേദിയായത്. നെഹ്റു കുടുംബം ഭരണഘടന തകര്‍ക്കാന്‍ ശ്രമിച്ചെന്നും ഭരണഘടന തടസമായാല്‍ മാറ്റണമെന്ന് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയെന്നും മോഡി ആരോപിച്ചു. അടിയന്തരാവസ്ഥയുടെ കളങ്കം കോണ്‍ഗ്രസിന് ഒരിക്കലും മായ‍്ക്കാനാകില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങള്‍ ഉള്‍പ്പെടെ റദ്ദാക്കപ്പെട്ടു. രാജ്യം തടവറയായി മാറി. 60 വര്‍ഷത്തിനിടെ 75 തവണയാണ് കോണ്‍ഗ്രസ് ഭരണഘടന ഭേദഗതി ചെയ‍്തത്. ഇതിന് തുടക്കം കുറിച്ചത് നെഹ‍്റുവാണ്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തെ ഐക്യം നഷ്‍ടപ്പെട്ടെന്നും നരേന്ദ്ര മോഡി അവകാശപ്പെട്ടു. അതേസമയം വിവാദവിഷയങ്ങളായ മണിപ്പൂര്‍, അഡാനി കുംഭകോണം തുടങ്ങിയ വിഷയങ്ങളൊന്നും മോഡി മറുപടി പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല.
മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയില്‍ ഭാരതീയമായ ഒന്നും ഇല്ലെന്ന വി ഡി സവര്‍ക്കറുടെ വാക്കുകളെ ബിജെപി അംഗീകരിക്കുന്നുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. രണ്ടുദിവസം നീണ്ട ഭരണഘടനാ ചര്‍ച്ച ഇന്നലെ സമാപിച്ചു.