Site iconSite icon Janayugom Online

ഇടുക്കി ജില്ലയിലെ നിർമ്മാണ തടസ്സങ്ങൾ മാറുന്നു: 
മന്ത്രി റോഷി അഗസ്റ്റിൻ

ജില്ലയിലെ നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തടസങ്ങൾ നീങ്ങുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വരുന്ന വ്യാഴാഴ്ച ബിൽ നിയസഭയിൽ അവതരിപ്പിക്കുകയും തുടർന്ന് അത് നിയമമാവുകയും ചെയ്യുന്നതോടെ ഇടുക്കിക്ക് ചരിത്രപരമായ നേട്ടമാണ് കൈവരിക. പട്ടയങ്ങൾക്കും നിർമ്മിതികൾക്കും നിയമപരിരക്ഷ ലഭിക്കുന്നതിനുള്ള അവസരമാണ് ഉണ്ടാവുകയെന്നും പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് ജലജീവൻ മിഷനിലൂടെ ബ്രഹത്തായ പദ്ധതിയാണ് നടപ്പാക്കുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ സമയബന്ധിതമായി പ്രവർത്തി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. പരിപാടിയിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് അധ്യക്ഷത വഹിച്ചു. അഡ്വ ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിൽ 4998 കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് 7618. 54 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അഞ്ചുരുളി ജലാശയമാണ് പദ്ധതിയുടെ സ്രോതസ്. അഞ്ചുരുളിയിൽ സ്ഥാപിക്കുന്ന 35 എംഎൽഡി ശുദ്ധീകരണ പ്ലാന്റിൽ നിന്നും വെള്ളം പമ്പു ചെയ്ത് ചക്കക്കാനം പൂവേഴ്സ് മൗണ്ട്, ഈടൻ ഗാർഡൻ, പാമ്പാടുംപാറ എസ്റ്റേറ്റ് എന്നിവിടങ്ങളിലെ ജല സംഭരണികളിലെത്തിക്കുകയും അവിടെനിന്നും വിവിധ അളവുകളിലുള്ള വിതരണ ശൃംഖല വഴി പഞ്ചായത്തിലെ എല്ലാ ഭവനങ്ങളിലും കുടിവെള്ള കണക്ഷൻ നൽകി ശുദ്ധജലം വിതരണം ചെയ്യുന്നതാണ് പദ്ധതി. പാമ്പാടുംപാറ പഞ്ചായത്തിലെ വിതരണ ശൃംഖല സ്ഥാപിക്കലും, കുടിവെള്ള കണക്ഷൻ നൽകുന്ന പ്രവർത്തനങ്ങളുമാണ് ആദ്യ ഘട്ടമെന്ന നിലയിൽ ആരംഭിക്കുന്നത്. പദ്ധതി പ്രകാരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ 2 സോണുകളാക്കി തിരിച്ച് 185 കിലോമീറ്റർ നീളത്തിൽ വിതരണ ശൃംഖലകൾ സ്ഥാപിച്ച് 4996 കണക്ഷനുകൾ നൽകും. 2024 ഓടെ പ്രവൃത്തികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. 

കല്ലാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേരള വാട്ടർ അതോറിറ്റി കട്ടപ്പന പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സുധീർ എം റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി ആനന്ദ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ഷിനി സന്തോഷ്, സി എസ് യശോധരൻ, ബേബിച്ചൻ ചിന്താർമണി, മുകേഷ് മോഹനൻ, ആരിഫ അയ്യൂബ്, വിജി അനിൽകുമാർ, ഉഷാമണി രാജൻ, സുന്ദരപാണ്ടി, മിനി സെബാസ്റ്റ്യൻ, റൂബി ജോസഫ്, ജോയമ്മ എബ്രഹാം, ജോസ് തെക്കേകുറ്റ്, സി ഡി എസ് ചെയർപേഴ്സൺ മോളമ്മ സുരേന്ദ്രൻ, രാഷ്ട്രീയ കക്ഷി നേതാക്കളായ സി സന്തോഷ് കുമാർ, ചാക്കോച്ചൻ മുക്കാലയിൽ, തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Summary:Construction bot­tle­necks in Iduk­ki dis­trict are chang­ing: Min­is­ter Roshi Augustine
You may also like this video

Exit mobile version