Site icon Janayugom Online

സി കെ ചന്ദ്രപ്പന്‍ സ്മാരകം നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

CK Chandrappan

ആശയദാർഢ്യത്തിന്റെ ബലത്തറയിൽ പാർട്ടി കെട്ടിപ്പടുക്കണമെന്ന് അഭിലഷിച്ച പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന സി കെ ചന്ദ്രപ്പന്റെ പേരിലുള്ള ബൃഹത് സ്മാരകമെന്ന സ്വപ്നം സാക്ഷാൽക്കാരത്തിലേക്ക്. കല്ലടയാറിന്റെ തീരത്ത് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കുളക്കട ഗ്രാമത്തിലെ താഴത്തുകുളക്കടയിലാണ് ചന്ദ്രപ്പന്‍ സ്മാരക നിർമ്മാണം പൂർത്തിയായി വരുന്നത്. അകാലത്തിൽ പൊലിഞ്ഞു പോയ നേതാവിന് പുതുതലമുറയുടെ അർച്ചന.
രണ്ടേക്കർ സ്ഥലത്ത് 17,000 ചതുരശ്ര അടി വിസ്തൃതിയിൽ പത്തു കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ഈ സ്മാരക മന്ദിരം പ്രവർത്തനക്ഷമമാകുമ്പോൾ അത് പാർട്ടിക്ക് വലിയ കരുത്ത് സമ്മാനിക്കും. മുന്നൂറോളം പേർക്ക് ഒരേ സമയം താമസിച്ച് രാഷ്ട്രീയ വിദ്യാഭ്യാസം നേടാൻ കഴിയുന്ന ഈ മന്ദിരം ശില്പ ചാതുരിയിലും നിർമ്മാണ വൈദഗ്ധ്യത്തിലും വേറിട്ടുനിൽക്കുന്നു.
കൊട്ടാരക്കര-അടൂർ എം സി റോഡിലൂടെ കുളക്കട എത്തുമ്പോൾ ഇടത്തോട്ട് താഴത്തുകുളക്കട ബോർഡ് കാണാം. അവിടെ നിന്ന് നാലു കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതിരമണീയമായ താഴത്തുകുളക്കട എത്താം. കാടുകളും പച്ചപ്പുകളും നിറഞ്ഞ ഗ്രാമഭംഗി ആസ്വദിച്ച് എത്തുന്നത് ശാന്തമായി ഒഴുകുന്ന കല്ലട ആറിന്റെ തീരത്താണ്. ഒരു കാലത്തു് ഉഗ്രപ്രതാപികളായ ജന്മിമാർക്കെതിരെ അവിടെ നിരവധി സമരങ്ങൾ നടന്നു. ആ സമരകഥകൾ വെളിയം ഭാർഗവൻ തന്റെ പ്രസംഗങ്ങളിൽ വിവരിക്കാറുണ്ടായിരുന്നു.
ഇടറോഡിൽ നിന്ന് നോക്കുമ്പോൾ തലയുയർത്തി നില്കുന്ന നാല് നില കെട്ടിടം ദൂരക്കാഴ്ചയില്‍ ശാന്ത ഗംഭീരമെന്ന തോന്നലാണുണ്ടാക്കുക. ഇടറോഡിൽ നിന്ന് നൂറ് മീറ്റർ നടന്നെത്തുമ്പോൾ സന്ദർശക മുറി. അതിനു പിന്നിലായി ലൈബ്രറിക്കായി നീക്കിവച്ച വിശാലമായ സ്ഥലം. 1200 ചതുരശ്രഅടി വിസ്തൃതിയുളള ലൈബ്രറി ദേശീയ നിലവാരത്തിൽ സജ്ജമാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളതു്. ഒരേ സമയം 200 പേർക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഡൈനിങ് ഹാൾ തൊട്ടടുത്തായിട്ടുണ്ട്. അനുബന്ധമായി അടുക്കളയും വർക്ക് ഏരിയായും, സ്റ്റോർ റൂമുകളും. പാചകം ചെയ്യുന്നവർക്ക് താമസിക്കാനുള്ള മുറികളും ശുചി മുറികളും സമീപത്തുണ്ട്.
മുകളിലത്തെ നിലയിൽ മൂന്നൂറ് പേർക്ക് താമസിക്കാനുളള ഡോർമിറ്ററി സൗകര്യം, രണ്ട് ഫ്ലാറ്റുകൾ, ആറ് ഡബിൾ റൂമുകൾ എന്നിവ സജ്ജമാക്കും. പ്രധാന കോൺഫറസ് ഹാളിൽ 300 പേർക്കും മിനി കോൺഫറൻസ് ഹാളിൽ 50 പേർക്കും ഇരിപ്പിടം ഉണ്ടാകും. ശബ്ദനിയന്ത്രണ സംവിധാനവും ഒരുക്കും. 500 പേർക്കിരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയമാണ് മറ്റൊരു ആകർഷണം.
നാലുനിലയിലുമെത്താൻ ലിഫ്റ്റ് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പണിപുരോഗമിക്കുന്നു. അംഗപരിമിതർക്ക് താമസിക്കാനും വിശ്രമിക്കാനും പ്രത്യേക സൗകര്യമുണ്ടാകും. മുറികളെല്ലാം കല്ലട ആറിന് അഭിമുഖമായിട്ടുള്ളതാണ്.
അഗ്നിസുരക്ഷക്കായി നിർദ്ദിഷ്ട മാനദണ്ഡമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 32,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ഹൈ ലെവൽ വാട്ടർ ടാങ്ക് നിർമ്മാണം പൂർത്തിയായി. അമ്പതോളം ശുചി മുറികൾ, മെഡിക്കൽ സൗകര്യത്തോടെയുള്ള സിക്ക്റൂം, വിശാലമായ വാഷിങ് ഏരിയ തുടങ്ങിയവയും ഉണ്ടാകും.
കെട്ടിടത്തിന്റെ മുൻവശം 17 മീറ്ററാണ് നടുമുറ്റം. പ്രധാന റോഡിൽ നിന്ന് 100 മീറ്റർ നീളത്തിൽ രണ്ടു വരിയായി രണ്ടു മീറ്റർ മീഡിയനോടെയുള്ള പാത നിർമ്മിക്കും. നൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. നടുമുറ്റത്ത് 200 ലധികം വണ്ടികൾക്കും പാർക്ക് ചെയ്യാം.
ജലവിഭവ മാനേജ്മെന്റിന് മികച്ച സംവിധാനമാണ് ഒരുക്കുന്നതു്. മാലിന്യ സംസ്കരണത്തിനും, അവ ജൈവ വളമാക്കുന്നതിനും. ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കും. കെട്ടിടത്തിന് മുകളിലുള്ള മുഴുവൻ മഴവെള്ളവും സംഭരിക്കും. വിപുലമായ മഴ വെള്ളസംഭരണിയുണ്ടാകും. സോളാർ വൈദ്യുതി ഉപയാഗപ്പെടുത്തും. കൂടാതെ 160 കെ വി പവർ ജനറേറ്ററും. അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു. ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചു.
അമ്പതു് സെന്റ് സ്ഥലത്തു ജൈവ കൃഷി തുടങ്ങും. പഴവും പച്ചക്കറിയുമായിരിക്കും പ്രധാന കൃഷി. ഇതിനായി ആധുനിക കൃഷി രീതി അവലംബിക്കും. നീന്തൽക്കുളവും നിർമ്മിച്ച് വരുന്നു. പാർട്ടി സ്കൂളിനോടൊപ്പം യോഗ, കളരി, കരാട്ടെ നീന്തൽ തുടങ്ങിയവ സൗജന്യമായി പഠിപ്പിക്കാൻ ആലോചനയുണ്ട്. ഒന്നാന്തരം ഹെൽത്ത് ക്ലബ്ബ് ഒരുക്കും
2016 മാർച്ച് 22 ന് ജനറൽ സെക്രട്ടറി ആയിരുന്ന എസ് സുധാകർ റെഡ്ഡിയാണ് തറക്കല്ലിട്ടത്. 2019 ഡിസംബർ 19 ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. അസൗകര്യങ്ങള്‍ക്കും സാമ്പത്തികപരാധീനതകള്‍ക്കിടയിലും നിര്‍മ്മാണ പ്രവര്‍ത്തനം മുടങ്ങാതെ കൊണ്ടുപോകാന്‍ സംസ്ഥാന സെക്രട്ടറിയുടെ ഉത്സാഹം എടുത്തുപറയേണ്ടതാണ്. പ്രകൃതി സൗഹൃദ നിർമ്മാണ രീതിയാണ് പൊതുവെ അവലംബിച്ചിട്ടുള്ളത്.
പൊതുജനങ്ങളിൽ നിന്നും പാർട്ടി ബഹുജന സംഘടനാ പ്രവർത്തകരിൽ നിന്നും സംഭരിച്ച തുക കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നതു്. പാർട്ടി കൊല്ലം സംസ്ഥാന സമ്മേളനത്തിൽ മിച്ചം വന്ന 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ഭൂമി വാങ്ങിയത്. കൊല്ലം പാർട്ടി കോൺഗ്രസിൽ നിന്ന് മിച്ചം വന്ന രണ്ടു കോടി രൂപയും ഇതിനായി നീക്കിവച്ചു. തുടർന്ന് നടന്ന ഹുണ്ടിക പരിവിൽ ലഭിച്ച തുകയും വിനിയോഗിക്കുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പല തവണ ഇവിടെ എത്തി നിർമ്മാണ പുരോഗതി വിലയിരുത്തി. നിർമ്മാണ കമ്മറ്റി ചെയർമാനും കാനം രാജേന്ദ്രനാണ്. കെ ആർ ചന്ദ്രമോഹനൻ, മുല്ലക്കര രത്നാകരൻ, ആർ രാജേന്ദ്രൻ, ആർ രമേശൻ, എന്‍ജിനീയർ വി ഗോപിനാഥൻ എന്നിവരാണ് നിർമ്മാണ കമ്മറ്റിയിലെ മറ്റംഗങ്ങൾ.
കെട്ടിടത്തിന് രൂപകല്പന നൽകിയത് ആർക്കിടെക്റ്റ് സുരേഷാണ്. നിർമ്മാണ മേൽനോട്ടം റിട്ട. എക്സിക്യൂട്ടീവ് എന്‍ജിനീയർ വി ഗോപിനാഥനും. വിവേക്, എം വിനോദ്, അജിത് ബാബു, ലാലു അലക്സാണ്ടർ, സഞ്ജു സുനിൽ, അരുൺ ബാബു, ശംഭു എന്നിവർ സൈറ്റ് എന്‍ജിനീയർമാരാണ്.
നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് കുന്നത്ത് കൺസ്ട്രക്ഷൻസാണ്. അജയനാണ് അതിന്റെ ഉടമ. നിലവിലുള്ള സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ സെപ്റ്റംബറില്‍ ഉദ്ഘാടനം നടത്താന്‍ കഴിയുമെന്ന് നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്ന എന്‍ജിനീയര്‍ വി ഗോപിനാഥനും, രമേശനും അജയനും പ്രതീക്ഷ പ്രകടിപ്പിച്ചു. 

Eng­lish Sum­ma­ry: Con­struc­tion of CK Chan­dra­pan memo­r­i­al is near­ing completion

You may like this video also

Exit mobile version