Site iconSite icon Janayugom Online

വയനാട് പുനരധിവാസം ടൗൺഷിപ്പ് നിർമ്മാണം മുന്നേറുന്നു

മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടമായവർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമിയിൽ മാതൃകാടൗൺഷിപ്പിന്റെ നിർമ്മാണ പ്രവൃത്തി മുന്നോട്ട്. നിർമ്മാണം നവംബറിനകം പൂർത്തിയാക്കും. 64 ഹെക്ടർ ഭൂമിയിൽ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളായാണ് വീടുകൾ നിർമ്മിക്കുന്നത്. ശുചിമുറിയോട് ചേർന്നുള്ള പ്രധാന മുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയാണ് ഉൾപ്പെടുന്നത്. പ്രകൃതി ദുരന്തങ്ങൾ പ്രതിരോധിക്കും വിധമാണ് ടൗൺഷിപ്പിലെ വീടുകൾ രൂപകല്പന ചെയ്തത്. 

സർവേ പൂർത്തിയാക്കിയ പോയിന്റുകൾ കിഫ്കോൺ അധികൃതർ പരിശോധിച്ചു. മൂന്ന് വീടുകളുടെ പ്ലോട്ടിങ് കഴിഞ്ഞു. നാല് ഖനന യന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്ലോട്ടുകളായി തിരിക്കുന്നത്. നിലവിൽ ഒരു വീടിന്റെ ഫൗണ്ടേഷൻ പണികൾ പൂർത്തിയായി. 40 തൊഴിലാളികളാണ് നിർമ്മാണ പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം കെട്ടിടം നിർമ്മാണ പ്രവൃത്തികളും തുടങ്ങി. ടൗൺഷിപ്പിലേക്കുള്ള റോഡിനായി അനുമതി ലഭിച്ചാൽ ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നും റോഡിനായുള്ള മാർക്കിങ് നടത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 

Exit mobile version