Site iconSite icon Janayugom Online

മഹാരാഷ്ട്രയില്‍ വിവാദം;ഭരണകക്ഷി സഹകരണ സ്ഥാപനങ്ങള്‍ക്ക് 1,104 കോടി

മഹാരാഷ്ട്ര സര്‍ക്കാര്‍ 7.8 ലക്ഷം കോടിയുടെ കടബാധ്യത നേരിടുമ്പോള്‍, മഹായുതി എംഎല്‍എമാര്‍ക്ക് ബന്ധമുള്ള കരിമ്പ് സഹകരണ സംഘങ്ങള്‍ക്ക് 1,104 കോടിയുടെ വായ‍്പ നല്‍കാന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്. ഒമ്പത് സഹകരണ സംഘങ്ങള്‍ക്ക് ഇത്രയും തുക വായ‍്പ അനുവദിക്കാന്‍ ദേശീയ സഹകരണ വികസന കോര്‍പറേഷനോട് (എന്‍സിഡിസി) സര്‍ക്കാര്‍ ശുപാര്‍ശ ചെയ‍്തു. എന്‍സിഡിസി വായ‍്പകള്‍ക്ക് സംസ്ഥാനത്തിന്റെ ഗ്യാരന്റി ആവശ്യമാണ്. ഇത് സംസ്ഥാനത്തിന്റെ ബാധ്യതകള്‍ വര്‍ധിപ്പിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ധനവകുപ്പ് രണ്ട് ലക്ഷം കോടിയുടെ ധനക്കമ്മി കാണിച്ചിരുന്നു. അതിനാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനാകുമോ എന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്.

ദേവേന്ദ്ര ഫഡ്നാവിസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് പൊതുകടം 7.8 ലക്ഷം കോടിയായി ഉയര്‍ത്തും. എന്‍സിഡിസി വായ‍്പ വലിയ രാഷ‍‍്ട്രീയ വിവാദമായി മാറാന്‍ സാധ്യതയുണ്ട്. 

സഹകരണ മേഖലയിലെ പഞ്ചസാര ഫാക്ടറികളുടെ പ്രവര്‍ത്തനമൂലധന ഇടിവ് നികത്താനുള്ള വായ‍്പാ ശുപാര്‍ശ കഴിഞ്ഞ വര്‍ഷമാണ് നല്‍കിയത്. എന്നാല്‍ അതിനെ മഹായുതി എംഎല്‍എമാരുടെ താല്പര്യങ്ങള്‍ക്കനുസൃതമായി ഫഡ്നാവിസ് സര്‍ക്കാര്‍ പരിഷ്കരിച്ചു. എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയുമായ ഹസന്‍ മുഷ‍്രിഫുമായി ബന്ധമുള്ള കോലാപൂരിലെ വസന്തായി ദേശായി അജാര സഹകരണ പഞ്ചസാര ഫാക്ടറിക്കും വായ‍്പ ലഭിക്കാന്‍ സാധ്യതയുണ്ട്. 

നേരത്തെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിനും കുടുംബത്തിനും ബിനാമി ഇടപാട് കേസില്‍ ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 2021 ഒക്ടോബറിലായിരുന്നു അജിത് പവാറുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ അദായനികുതി വകുപ്പ് പരിശോധന നടത്തി 1000 കോടിയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടിയിരുന്നു. എന്നാല്‍ മഹായുതി സഖ്യത്തില്‍ ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിനെതിരെ ആദായനികുതി വകുപ്പ് ഉന്നയിച്ച ആരോപണങ്ങള്‍ ട്രിബ്യൂണല്‍ തള്ളുകയായിരുന്നു. 

Exit mobile version