പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം പള്ളിയിൽ കേക്ക് മുറിച്ച് ആഘോഷിക്കുമെന്ന ബിജെപിയുടെ പോസ്റ്റർ വിവാദത്തില്‍. ഇടുക്കി മുതലക്കോടം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ സെപ്റ്റംബർ 17ന് പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനം ആഘോഷിക്കുമെന്നും തുടർന്ന് കേക്ക് മുറിക്കുമെന്നുമായിരുന്നു ബിജെപി പ്രവർത്തകരുടെ പോസ്റ്ററിൽ ഉണ്ടായിരുന്നത്. എന്നാൽ, പള്ളിക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി വികാരി ഫാദർ സെബാസ്റ്റ്യൻ അരോലിച്ചാലിൽ രംഗത്തെത്തി. പള്ളി അറിയാതെയാണ് പോസ്റ്റർ അടിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ബിജെപി പ്രവർത്തകരെ വിളിച്ച് കാര്യങ്ങൾ അറിയിക്കുകയും പോസ്റ്റർ പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ദേവാലയത്തെ ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇടവക പോസ്റ്ററിനെ അപലപിച്ചു. പോസ്റ്ററുമായി രൂപതയ്ക്കോ ഇടവകയ്ക്കോ ബന്ധമില്ലെന്നും, ദേവാലയത്തിൻ്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റർ അടിച്ചത് ശരിയായില്ലെന്നും ഇടവക വിമർശനമുന്നയിച്ചു.
പ്രധാനമന്ത്രിയുടെ ജന്മദിനം പള്ളിയിൽ ആഘോഷിക്കുമെന്ന ബിജെപി പോസ്റ്റർ വിവാദത്തിൽ; നിഷേധിച്ച് പള്ളി വികാരി

