Site iconSite icon Janayugom Online

കോണ്‍ഗ്രസ് പാരമ്പര്യത്തില്‍ മൗലാന ആസാദില്ല, പകരം നരസിംഹറാവു; വിവാദമായി പ്ലീനറി പരസ്യം

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 137 വര്‍ഷത്തെ പാരമ്പര്യം സൂചിപ്പിക്കുന്ന പരസ്യത്തില്‍ നിന്ന് മൗലാന ആസാദിനെ ഒഴിവാക്കിയത് വിവാദത്തില്‍. മുൻ പ്രധാനമന്ത്രി നരസിംഹറാവു ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങൾ ചേർത്തപ്പോഴാണ് ആസാദ് പുറത്തായത്. ഗാന്ധിജി, ജവഹർ ലാൽ നെഹ്റു, ഡോ. ബി ആർ അംബേദ്ക്കർ, സർദാർ വല്ലഭായ് പട്ടേൽ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സരോജിനി നായിഡു, ലാൽ ബഹദൂർ ശാസ്ത്രി എന്നിവരാണ് ചിത്രത്തിലുള്ള മറ്റുള്ളവർ. ഈ പരമ്പരയില്‍ നിന്ന് കോണ്‍ഗ്രസിന്റെ ശക്തനായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ആസാദിനെ ഒഴിവാക്കിയ സംഘാടകരുടെ നടപടി മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.

85ാമത് പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പരസ്യത്തിൽ നിന്നാണ് മൗലാന ആസാദിനെ ഒഴിവാക്കിയത്. ഞായറാഴ്ച ദേശീയ പത്രങ്ങളിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ സജീവ പങ്കാളിയായിരുന്ന നേതാവിനെ ഒഴിവാക്കി നരസിംഹ റാവുവിനെ ഉൾപ്പെടുത്തിയതില്‍ പാര്‍ട്ടിക്കിടയില്‍ പ്രതിഷേധങ്ങൾ ഉയരുകയാണ്.‘ഗാന്ധിക്കുമൊപ്പം നെഹ്റുവിനുമൊപ്പം തലയെടുപ്പോടെ നിലകൊള്ളുന്ന ദേശീയ നേതാവിനെ കോൺഗ്രസ് മറന്നു. നരസിംഹ റാവുവിനുള്ള പ്രാധാന്യം പോലും ആസാദിനില്ലേ’ എന്ന വിമർശനം സമൂഹ മാധ്യമങ്ങളിലൂടെ സജീവമാണ്.

ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകുമെന്നും ജയറാം രമേശ് പറഞ്ഞു. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഏറ്റവും ആത്മാർത്ഥമായ ക്ഷമാപണം നടത്തുന്നു. മൗലാനാ ആസാദ് എന്നും നമ്മുടെയും ഇന്ത്യയുടെയും പ്രതീകവും പ്രചോദനവുമായി തുടരും. ജയറാം രമേശ് പറഞ്ഞു.

 

Eng­lish Sam­mury: Maulana Azad has been dropped from the Con­gress 137 year jour­ney of ideas con­tin­ues adver­tise­ment

 

Exit mobile version