Site iconSite icon Janayugom Online

വോട്ടര്‍ പങ്കാളിത്തം വര്‍ധിപ്പിക്കല്‍ യുഎസ് ഫണ്ടില്‍ വിവാദം

ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ യുഎസ് ഏജന്‍സി ഫണ്ട് നല്‍കിയെന്ന വിഷയത്തില്‍ വിവാദം കൊഴുക്കുന്നു. ഇതിനിടെ യുഎസ് ഏജന്‍സി ഫണ്ട് നല്‍കിയെന്ന വാദം തള്ളി മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ് വൈ ഖുറേഷിയും രംഗത്ത് വന്നു. 

അമേരിക്കന്‍ ഏജന്‍സിയായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി 21 മില്യണ്‍ ഡോളര്‍ നല്‍കിയെന്നും പുതിയ യുഎസ് ഭരണകൂടം പദ്ധതി അവസാനിപ്പിച്ചതായും ഇലോണ്‍ മസ്ക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുപാര്‍ട്ടികളും കൊമ്പ് കോര്‍ത്തത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഇടപാടിന് പിന്നില്‍ അമേരിക്കന്‍ കോടീശ്വരനായ ജോര്‍ജ് സോറോസിന് ബന്ധമുണ്ടെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ആരോപിച്ചു. സമാന അഭിപ്രായം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സഞ്ജീവ് ദയാലും രംഗത്ത് വന്നു. കോടികളുടെ അഴിമതിയാണ് ഇതിലുടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് പവന്‍ഖേര തിരിച്ചടിച്ചു. അമേരിക്കന്‍ ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണത്തില്‍ സത്യം പുറത്ത് വരണം. 2014ലെ ലോ‌ക‌്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതില്‍ ബിജെപി ജോര്‍ജ് സോറോസിന് നന്ദിപറയണമെന്നും പവന്‍ഖേര പ്രതികരിച്ചു. എന്നാല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനം ശക്തിപ്പെടുത്താന്‍ യുഎസ്എഐഡി 21 മില്യണ്‍ ഡോളര്‍ നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ് വൈ ഖുറേഷി ചൂണ്ടിക്കാട്ടി. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വിവരങ്ങളാണ് പുറത്ത് വരുന്നത്. 2012ല്‍ അമേരിക്കന്‍ ഏജന്‍സിയുമായി ധാരണപത്രത്തില്‍ ഒപ്പിട്ട് തുക സ്വീകരിച്ചുവെന്ന വാദം ശുദ്ധ നുണയാണ്. 

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി സേവനം അനുഷ്ഠിച്ച വേളയില്‍ അത്തരം കരാറില്‍ താനോ സഹപ്രവര്‍ത്തകരോ ബന്ധപ്പെട്ടിട്ടില്ല. 2012 ല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇലക്ടറല്‍ സിസ്റ്റംസ് (ഐഎഫ്ഇഎസ് ) എംഒയു കൈമാറിയിരുന്നു. ഇതില്‍ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version