Site iconSite icon Janayugom Online

മതപരിവര്‍ത്തനക്കുറ്റം ചുമത്തി ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്ററെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു

ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനക്കുറ്റം ചുമത്തി മലയാളി പാസ്റ്ററെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. വട്ടപ്പാറ കല്ലയം പള്ളിമുക്ക് ആശാഭവനിൽ ആൽബിൻ (46) ആണ് ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പത്ത് വര്‍ഷമായി കാൺപൂർ നവരംഗയിൽ ബേഥേസ്ഥാ ഭവനിൽ താമസിച്ച് സുവിശേഷ പ്രവർത്തനം നടത്തിവരികയായിരുന്നു. ഒരു സംഘം ബജ്റംഗ്ദൾ പ്രവർത്തകർ പോലീസുമായി വന്ന് ആല്‍ബിനെയും കുടുംബത്തെയും പിടികൂടി കൊണ്ടുപോവുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് മതപരിവർത്തനക്കുറ്റം ആരോപിച്ച് തടവിലാക്കുകയും ചെയ്തു. ഭാര്യ സിസ്റ്റര്‍ ഷിനി, 13 വയസുള്ള പെണ്‍കുട്ടിയുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെയുമാണ് പിടിച്ചുകൊണ്ടുപോയത്. കുടുംബാംഗങ്ങളെ രാത്രിയോടെ പൊലീസ് വിട്ടയച്ചു. പാസ്റ്ററെ ഗാട്ടംപൂര്‍ സ്റ്റേഷന്‍ ജയിലില്‍ തടവിലാക്കിയിരിക്കുകയാണ്. 

പാസ്റ്റര്‍ ആല്‍ബിന്റെ മാതാവ് ഗ്ലോറിയയെയും വീട്ടുകാരെയും കല്ലയത്തെ വസതിയില്‍ എത്തി മന്ത്രി ജി ആര്‍ അനില്‍ സന്ദര്‍ശിച്ചു. വിഷയം അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹത്തെ വിട്ടു കിട്ടുന്നതിനായി സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും മന്ത്രി ജി ആർ അനിൽ കുടുംബാംഗങ്ങളോട് പറഞ്ഞു. രാജ്യസഭാ എംപി പി സന്തോഷ് കുമാറിനെ മന്ത്രി ജി ആര്‍ അനില്‍ വിളിച്ച് വിഷയം അറിയിച്ചു. ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് സന്തോഷ് കുമാര്‍ എംപി പറഞ്ഞതായും കുടുംബാംഗങ്ങളോട് മന്ത്രി അറിയിച്ചു. ആല്‍ബിന്റെ മാതാവ് ഗ്ലോറിയ നല്‍കിയ പരാതി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. അറസ്റ്റിനെക്കുറിച്ചും കേസിനെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങളൊന്നും പൊലീസ് നല്‍കുന്നില്ലെന്നാണ് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും പറയുന്നത്. പൊലീസ് എഫ്ഐആര്‍ കോപ്പി പോലും നല്‍കാത്ത സാഹചര്യമാണ്. ഇതേത്തുടര്‍ന്ന് ജാമ്യത്തിനുള്ള നീക്കം പോലും നടത്താന്‍ കഴിയുന്നില്ലെന്ന് കാണ്‍പൂരിലുള്ള പാസ്റ്റര്‍ ഡോ. കെ ടി ആന്റണി ജനയുഗത്തോട് പറഞ്ഞു.

Exit mobile version