വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 48 രൂപയാണ് വര്‍ധിപ്പിച്ചത്.
ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയും ചെന്നൈയില്‍ 1903 രൂപയുമായാണ് വില. 1749 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വില വർധനയുടെ പേരിലാണ് വില വര്‍ധന. തുടര്‍ച്ചയായി മൂന്നാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. ജൂലൈയിൽ 30.5 രൂപ കുറച്ചിരുന്നെങ്കിലും ഓഗസ്റ്റിലും സെപ്റ്റംബറിലും യഥാക്രമം 7.5 രൂപ, 39 രൂപ എന്നിങ്ങനെ കൂട്ടിയിരുന്നു. ഇതോടെ, മൂന്നുമാസത്തിനിടെ ആകെ വില വർധന കേരളത്തിൽ 94.5 രൂപയായി.