Site iconSite icon Janayugom Online

മോഡിയുടെ ഇഎല്‍ഐ പദ്ധതിയില്‍ നേട്ടം കോര്‍പ്പറേറ്റുകള്‍ക്ക്

ന്യൂഡല്‍ഹി: ഈ മാസം ഒന്നിന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച 99,446 കോടിയുടെ എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് (ഇഎല്‍­ഐ) പദ്ധതി കോര്‍പ്പറേറ്റുകളുടെ കീശ വീണ്ടും നിറയ്ക്കുമെന്ന് വിദഗ്ധര്‍. ഈ സബ്സിഡി പദ്ധതിയിലൂടെ ഉല്പാദനമേഖലയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്നരക്കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന അതിശയോക്തിപരമായ അവകാശവാദം കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുവെങ്കിലും യാഥാര്‍ത്ഥ്യം അങ്ങനെയല്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മോഡി സർക്കാർ പിന്തുടരുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇഎല്‍ഐ പദ്ധതിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുപണം വൻകിട കുത്തകകൾക്ക്‌ കൈമാറുകയാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിശദീ­കരിക്കുന്നു. പദ്ധതിയുടെ ആദ്യഭാഗം അനുസരിച്ച് ഒരു ലക്ഷം വരെ പ്രതിമാസ ശമ്പളമുള്ള പുതിയ ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 15,000 രൂപാ വീതം രണ്ട് കൊല്ലം നല്‍കും. രണ്ടാം ഭാഗത്തില്‍ ഒരു ലക്ഷം പ്രതിമാസം ശമ്പളമുള്ള ഓരോ പുതിയ ജീവനക്കാര്‍ക്കും മാസം തോറും 1,000 മുതല്‍ 3,000 രൂപ വരെ തൊഴിലുടമകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് നല്‍കും. നിര്‍മ്മാണ മേഖലയിലിത് നാല് വര്‍ഷം വരെ നീണ്ടുനില്‍ക്കും. എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കുമുള്ളതാണ് ഈ രണ്ട് സബ്സിഡി സ്കീമുകള്‍. 

സ്ഥിരമോ, ദീര്‍ഘകാലമോ ആയ തൊഴിലവസരങ്ങള്‍ ഈ പദ്ധതി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. പദ്ധതിയുടെ ആദ്യ ഭാഗം തൊഴില്‍ കാലാവധിയെ കുറിച്ച് മൗനം പാലിക്കുന്നു. രണ്ടാം ഭാഗം ആറ് മാസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. ആദ്യ ഭാഗം അനുസരിച്ച് ജീവനക്കാര്‍ക്ക് രണ്ട് വര്‍ഷം 30,000 രൂപ കിട്ടും. തൊഴിലുടമകള്‍ക്ക് പ്രതിവര്‍ഷം 36,000 രൂപ വരെയും ഉല്പാദന ഇതര മേഖലയില്‍ രണ്ട് വര്‍ഷത്തേക്ക് 72,000 രൂപയും ഉല്പാദന മേഖലയില്‍ നാല് വര്‍ഷത്തേക്ക് 1.44 ലക്ഷം വരെയും കിട്ടും. അതായത് തൊഴിലുടമകള്‍ക്ക് തൊഴില്‍ സബ്സിഡിയും അവരുടെ ഇപിഎഫ് വിഹിതവും നല്‍കുന്നു.
ഫലത്തില്‍ തൊഴിലുടമകളുടെ ഇപിഎഫ് കുടിശിക പൊതുഖജനാവിലെ പണം ഉപയോഗിച്ച് അടയ്ക്കുന്ന പദ്ധതിയായി ഇഎല്‍ഐ മാറിയിട്ടുണ്ട്. ആറ് മാസത്തിന് ശേഷം തൊഴിലില്‍ യാതൊരു ഉറപ്പും ഇല്ലാത്തപ്പോള്‍ തൊഴിലുടമകള്‍ക്ക് നാല് വര്‍ഷം വരെ സബ്സിഡി നല്‍കുന്നത് എന്തിനെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു. സര്‍ക്കാര്‍, കോര്‍പ്പറേറ്റ് കമ്പനികള്‍ കൂടുതല്‍ ലാഭത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് 2023–24‑ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വേതനം ഉയര്‍ത്താത്തത് കാരണം നാല് വര്‍ഷത്തിനുള്ളില്‍ ലാഭം നാല് മടങ്ങ് വളര്‍ന്നു. നികുതിക്ക് ശേഷമുള്ള ലാഭം 2024 സാമ്പത്തിക വര്‍ഷത്തില്‍ 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത 500 കമ്പനികളുടെ കരുതല്‍ ധനം നാല് വര്‍ഷത്തിനുള്ളില്‍ 51 ശതമാനം വര്‍ധിച്ചു. 2020 സാമ്പത്തിക വര്‍ഷം അവസാനം 5.06 ലക്ഷം കോടിയായിരുന്നത് 2024 സെപ്റ്റംബറില്‍ 7.68 ലക്ഷം കോടിയായി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഈ 500 കമ്പനികളുടെ മൊത്തം പണവും നീക്കിയിരിപ്പും രണ്ട് വര്‍ഷത്തിനുള്ളില്‍ 35 ശതമാനം വര്‍ധിച്ചെന്ന് കണ്ടെത്തി. 2022 സെപ്തംബറില്‍ 10.6 ലക്ഷം കോടിയായിരുന്നത് 2024‑ല്‍ 14.3 ലക്ഷം കോടിയായി. അതിനാല്‍ രാജ്യത്തെ കോര്‍പറേറ്റുകളുടെ ലാഭത്തിനോ, പണത്തിനോ കുറവ് സംഭവിച്ചിട്ടില്ല. അതിനാല്‍ ഇഎല്‍ഐ വഴി ആനുകൂല്യങ്ങളെന്ന പേരിൽ കോർപ്പറേറ്റുകൾക്ക്‌ വലിയ ഇളവുകൾ അനുവദിക്കുന്നത് നീതീകരിക്കാനാകില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

Exit mobile version