അഴിമതിക്കേസിൽ അറസ്റ്റിലായ തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവിനെ കനത്ത സുരക്ഷയ്‌ക്കിടയിൽ ഞായറാഴ്ച രാവിലെ ആന്റി കറപ്ഷന്‍ ബ്യൂറോ കോടതിയിൽ ഹാജരാക്കി. ചന്ദ്രബാബു നായിഡുവിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയും അഭിഭാഷക സംഘവുമാണ് ഹാജരായത്.നിരവധി ടിഡിപി മുതിർന്ന നേതാക്കളും പാർട്ടി കേഡറും കോടതി സമുച്ചയത്തിൽ തടിച്ചുകൂടി.
പുലർച്ചെ 3:40 ന്, കുഞ്ചനപ്പള്ളിയിലെ സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) ഓഫീസിൽ 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മെഡിക്കൽ പരിശോധനകൾക്കായി വിജയവാഡയിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 50 മിനിറ്റോളം നീണ്ടുനിന്ന പരിശോധനകൾക്ക് ശേഷം നായിഡുവിനെ നേരിട്ട് പ്രാദേശിക കോടതിയിലേക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നായിഡുവിനെ എസ്ഐടി ഓഫീസിലേക്ക് തിരികെ കൊണ്ടുപോയി.
നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച നന്ദ്യാലയിലെ ജ്ഞാനപുരത്ത് പുലർച്ചെ പോലീസ് നടത്തിയ ഓപ്പറേഷനിലാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് 300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് നായിഡുവിനെതിരെയുള്ള ആരോപണം.
അതേസമയം, നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഞായറാഴ്ച എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഏകദിന ഉപവാസത്തിൽ പങ്കെടുക്കാൻ ടിഡിപി അനുയായികളോട് ആഹ്വാനം ചെയ്തു.
English Summary: Corruption case: TDP chief Chandrababu Naidu produced in ACB court
You may also like this video