Site iconSite icon Janayugom Online

മൻമോഹൻ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം; സംസ്കാരം നാളെ

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം. പൂര്‍ണ ദേശീയ ബഹുമതികളോടെ നാളെ രാവിലെ 11നായിരിക്കും സംസ്കാരം നടക്കുക. മൻമോഹൻ സിങിന്‍റെ മൃതദേഹം നാളെ രാവിലെ എട്ടിന് എഐസിസി ആസ്ഥാനത്ത് എത്തിക്കും. തുടര്‍ന്ന് ഇവിടെ പൊതുദര്‍ശനം നടക്കും. ഇതിനുശേഷം 9.30ഓടെ സംസ്കാര സ്ഥലത്തേക്ക് വിലാപ യാത്രയായി കൊണ്ടുപോകും. തുടര്‍ന്നായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ മന്‍മോഹന്‍ സിങ്ങിന്‍റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മൻമോഹൻ ആദരാഞ്ജലികള്‍ നേര്‍ന്നു.

ജന്‍പഥിലെ മൂന്നാം നമ്പര്‍ വസതിയിലേക്ക് പ്രധാനമന്ത്രി പുഷ്ടപചക്രം സമര്‍പ്പിച്ച് ആദരം അറിയിച്ചു. പിന്നാലെ അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിങ് തുടങ്ങിയ കേന്ദ്രമന്ത്രിമാരും മന്‍മോഹന്‍ സിങ്ങിന് ആദരം നല്‍കി. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വസതിയിലെത്തി മുന്‍ പ്രധാനമന്ത്രിക്ക് ആദരം നല്‍കി. സൈന്യമെത്തി മുന്‍ പ്രധാനമന്ത്രിയുടെ മൃതദേഹത്തെ ദേശീയ പതാക പുതപ്പിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രി 9. 51 ഓടെയാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ മന്‍മോഹന്‍ സിങ് അന്തരിച്ചത്.

Exit mobile version