Site iconSite icon Janayugom Online

തലായിയിലെ സിപിഐ(എം) നേതാവ് കെ ലതേഷിനെ വെട്ടിക്കൊന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

സിപിഐ(എം) നേതാവ് തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊന്ന ആര്‍എസ്എസ് ‑ബിജെപി പ്രവര്‍ത്തകന്‍ കുറ്റക്കാരണെന്ന് കോടതി. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത ആർഎസ്‌എസ്‌– ബിജെപിക്കാരായ തലായി പൊക്കായി ഹ‍ൗസിൽ പി സുമിത്ത്‌ (കുട്ടൻ–38), കൊമ്മൽ വയൽ വിശ്വവസന്തത്തിൽ കെ കെ പ്രജീഷ്‌ബാബു (പ്രജീഷ്‌– 46), തലായി ബംഗാളി ഹ‍ൗസിൽ ബി നിധിൻ (നിധു– 37 ), പുലിക്കൂൽ ഹ‍ൗസിൽ കെ സനൽ എന്ന ഇട്ടു (37), പാറേമ്മൽ ഹ‍ൗസിൽ സ്‌മിജോഷ്‌ എന്ന തട്ടിക്കുട്ടൻ (42), കുനിയിൽ ഹ‍ൗസിൽ സജീഷ്‌ എന്ന ജിഷു (37), പഴയമഠത്തിൽ വി ജയേഷ്‌ (39), പേരെയാണ്‌ അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതി (നാല്‌) ജഡ്‌ജി ജെ വിമൽ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയത്‌. 

മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവും സിപിഐ(എം) തിരുവങ്ങാട്‌ ലോക്കൽ കമ്മിറ്റി അംഗവുമായ തലായിയിലെ കെ ലതേഷി(28)നെ 2008 ഡിസംബർ 31ന്‌ വൈകിട്ട്‌ 5.30ന്‌ ചക്യത്തുമുക്ക്‌ കടപ്പുറത്ത്‌ വെച്ചാണ്‌ വെട്ടിക്കൊന്നത്‌. ആക്രമണത്തിൽ മറ്റൊരു സിപിഐ(എം) പ്രവർത്തകൻ മോഹൻലാൽ എന്ന ലാലുവിനും ഗുരുതരപരിക്കേറ്റു. 

ബോംബേറിൽ പരിക്കേറ്റ സന്തോഷ്‌, സുരേഷ്‌, മജീദ്‌ എന്നിവരും ചികിത്സയിലായിരുന്നു. 64 സാക്ഷികളിൽ 30 പേരെ വിസ്‌തരിച്ചു.ലതേഷിന്റെ അനുജൻ മയ്യഴിക്കാരന്റവിട കുഞ്ഞാൻ ഹ‍ൗസിൽ കെ സന്തോഷിന്റെ പരാതിയിലാണ്‌ കേസെടുത്തത്‌. ചക്യത്ത്‌മുക്ക്‌ ക്ലാസിക്‌ മാർബിൾ കടക്ക്‌ പിൻവശം കടപ്പുറത്ത്‌ വെച്ച്‌ പ്രതികൾ മാരകായുധങ്ങളുമായി സംഘം ചേർന്ന്‌ ലതേഷിനെ വെട്ടിക്കൊന്ന ശേഷം ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്‌. ഒന്ന് മുതൽ ഏഴ് വരെ പ്രതികളെയാണ് കുറ്റക്കാരാണെന്ന് വിധിച്ചത്.

Exit mobile version