Site iconSite icon Janayugom Online

കോടതി വിധി മാർ പാംപ്ലാനിക്കേറ്റ തിരിച്ചടി; വൺ ചർച്ച് വൺ കുർബാന മൂവ്മെന്റ്

ഏകീകൃത കുർബാനയും സഭ നിയമങ്ങളും അട്ടിമറിച്ചും കുറ്റവാളികളെ സംരക്ഷിക്കുന്ന മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി ബസിലിക്കയിൽ പന്തൽ കെട്ടി നടത്തിയ ഡിക്കന്മാരുടെ പട്ടം നൽകൽ ചടങ്ങും ബസിലിക്കയിൽ നടത്തിയ കുർബാനകളും കോടതിയലക്ഷ്യമായിരുന്നുവെന്നും അതിന് തിരിച്ചടി കിട്ടിയെന്നും വൺ ചർച്ച് വൺ കുർബാന മൂവ് മെന്റ്.

ബസിലിക്കയിൽ കുർബാന നടത്തില്ലെന്ന് ഉറപ്പ് ലഭിച്ചാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്ന് മേജർ ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള മെത്രാന്മാരെ പലകുറി അറിയിച്ചിരുന്നു. എന്നാൽ, ഇതൊന്നും ചെവിക്കൊള്ളാതെ ഏകീകൃത കുർബാനക്കായി നിലകൊണ്ടവരെ സഭാവിരുദ്ധരായി പ്രഖ്യാപിക്കാനും കള്ളക്കേസുകളിൽ കുടുക്കാനും ഗുണ്ടാ ആക്രമണങ്ങൾ നടത്താനുമാണ് മാർ പാംപ്ലാനിയും അതിരൂപത കൂരിയയും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത് എന്ന് അവർ ആരോപിച്ചു. ഈ ധാർഷ്ട്യത്തിനേറ്റ വലിയൊരു തിരിച്ചടിയാണ് ഹൈകോടതിവിധിയെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

കാലയളവിൽ ബസിലിക്ക, സമീപത്തെ കപ്പേള എന്നിവിടങ്ങളിലും ദേവാലയ പരിസരത്ത് താൽക്കാലിക പന്തലോ മറ്റു സൗകര്യങ്ങളോ ഒരുക്കിയും കുർബാന നടത്തരുത്, രാവിലെ 5.30 മുതൽ രാത്രി 8 വരെ വിശ്വാസികൾക്ക് പ്രാർത്ഥിക്കാനായി ബസിലിക്ക തുറന്നിടണം, ദേവാലയത്തിൽ എത്തുന്നവരെ തടയരുത്, മധ്യസ്ഥന് ആവശ്യമെന്ന് തോന്നുന്ന പക്ഷം മെത്രാന്മാരുൾപ്പടെയുള്ള കക്ഷികളോട് ഹാജരാകാനും ആവശ്യമെങ്കിൽ വിദഗ്ദരുടെ സേവനം ആവശ്യപ്പെടാനും മീഡിയേറ്റർക്ക് അധികാരമുണ്ട്, മധ്യസ്ഥതയുടെ ചെലവിലേക്ക് 5 ലക്ഷം രൂപ പരാതിക്കാരൻ നൽകണം എന്നിവയാണ് ഇടക്കാല ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ. 

85 ദിവസങ്ങൾ പൂർത്തിയാക്കിയ ബസിലിക്കയിലെ പ്രതിഷേധ പ്രാർത്ഥന യജ്ഞം അവസാനിപ്പിച്ചതായും മധ്യസ്ഥനുമായി പൂർണമായും സഹകരിക്കുമെന്നും കോടതിവിധി സ്വാഗതം ചെയ്യുന്നതായും ചീഫ് കോഡിനേറ്റർ അഡ്വ. മത്തായി മുതിരേന്തി, കോർഡിനേറ്റർമാരായ അഡ്വ. ജോയ് ജോർജ്, സീലിയ ആൻറണി, സെക്രട്ടറി ടെൻസൻ പുളിക്കൽ എന്നിവർ അറിയിച്ചു.

Exit mobile version