Site iconSite icon Janayugom Online

കോവിഡും കേന്ദ്ര സഹായമില്ലായ്മയും രാജ്യത്ത് 2020ൽ 11,716 വ്യവസായികൾ ജീവനൊടുക്കി

കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധികളും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് സഹായമൊന്നും ലഭിക്കാത്തതും വികല നയങ്ങളും കാരണം കഴിഞ്ഞ വർഷം രാജ്യത്ത് 11,716 വ്യവസായികൾ ജീവനൊടുക്കിയെന്ന് റിപ്പോർട്ട്. 2019 വർഷത്തെ അപേക്ഷിച്ച് ആത്മഹത്യ ചെയ്ത വ്യവസായ സംരംഭകരുടെ എണ്ണത്തിൽ 2020ൽ 29 ശതമാനം വർധനവുണ്ടായെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി) കണക്കുകൾ വ്യക്തമാക്കുന്നു. 2019ൽ ഇത് 9,052 ആയിരുന്നു. ജീവനൊടുക്കിയ 11,716 പേരിൽ 11,000ഉം ചെറുകിട വ്യവസായ സംരംഭകരാണ്. ചെറുകിട കച്ചവടക്കാരുടെ ആത്മഹത്യകളിൽ 50 ശതമാനം വർധനവാണ് ഉണ്ടായത്.

2019ൽ 2,906 ചെറുകിട കച്ചവടക്കാരാണ് ജീവനൊടുക്കിയതെങ്കിൽ അടുത്ത വർഷമിത് 4,356 ആയി വർധിച്ചു. ഏറ്റവുമധികം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത് കർണാടകയിലാണ്, 1,772. ഇത് 2019ൽ റിപ്പോർട്ട് ചെയ്ത 875 ആത്മഹത്യകളേക്കാൾ 103 ശതമാനം കൂടുതലാണ്. മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ വ്യവസായികളുടെ ആത്മഹത്യകളിൽ കഴിഞ്ഞ വർഷം യഥാക്രമം 25, 36 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ വർഷം 1,610, 1,447 എണ്ണം ആത്മഹത്യകളാണ് സംസ്ഥാനങ്ങളില്‍ റിപ്പോർട്ട് ചെയ്തത്. ചെറുകിട ഇടത്തരം വ്യവസായങ്ങൾ ഏറ്റവുമധികമുള്ളത് മഹാരാഷ്ട്ര (28.38 ലക്ഷം), തമിഴ്‌നാട് (15.4 ലക്ഷം) എന്നിവിടങ്ങളിലാണ്.

ഇന്ത്യയിൽ ഭൂരിപക്ഷമുള്ളത് ചെറുകിട ഇടത്തരം വ്യാവസായിക സംരംഭങ്ങളാണ്. കോവിഡ് മഹാമാരിയെ തുടർന്ന് ഈ വിഭാഗത്തിലുള്ളവർ എല്ലാ രീതിയിലും വൻ പ്രതിസന്ധിയാണ് നേരിട്ടത്. കോവിഡിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട സമയത്ത് കേന്ദ്രസർക്കാർ ഇവർക്ക് സഹായമൊന്നും നൽകിയില്ലെന്ന് ജെഎൻയുവിലെ സെന്റർ ഫോർ ഇക്കണോമിക്സ് സ്റ്റഡീസ് ആന്റ് പ്ലാനിങ്ങിലെ പ്രൊഫസർ പ്രവീൺ ഝാ പറയുന്നു. വളരെ വൈകി ലഭിച്ച സഹായങ്ങളാകട്ടെ വളരെ തുച്ഛവുമായിരുന്നു. നേരിട്ടുള്ള സാമ്പത്തിക സഹായങ്ങൾ നൽകാതെ വായ്പകളും മറ്റുമായാണ് ഇവ നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കച്ചവടങ്ങൾ അടക്കമുള്ള സേവനങ്ങൾ ഓൺലൈൻ വഴി ആയതോടെ ചെറുകിട സംരംഭകർ തീർത്തും ദുരിതത്തിലായെന്ന് ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. അരുൺ കുമാർ പറയുന്നു.

ഭൂരിപക്ഷം ചെറുകിട വ്യവസായങ്ങളും ചെറിയ മൂലധനത്തിലാണ് പ്രവർത്തിക്കുന്നത്. ഒരു ദിവസത്തെ കച്ചവടം ഇല്ലാതാകുന്നതുതന്നെ അവരെ അത് കൊണ്ടത്തിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോട്ടു നിരോധനം, ജിഎസ്‌ടി നടപ്പാക്കൽ തുടങ്ങിയവയും ഇന്ത്യയിൽ ചെറുകിട വ്യവസായികളുടെ ആത്മഹത്യാ നിരക്ക് വർധിപ്പിച്ചു. നോട്ട് നിരോധനം നടപ്പാക്കി രണ്ടു വർഷത്തിനു ശേഷം, 2018ൽ മൂന്നു ശതമാനവും ജിഎസ്‌ടി നടപ്പാക്കി ഒരു വർഷം കഴിഞ്ഞുള്ള 2019ൽ 13 ശതമാനവുമാണ് ആത്മഹത്യാ നിരക്കിൽ വർധനവ് ഉണ്ടായത്.

eng­lish sum­ma­ry: covid and lack of cen­tral assis­tance will kill 11,716 indus­tri­al­ists in the coun­try by 2020

you may also like this video

Exit mobile version