Site icon Janayugom Online

കോവിഡ് പ്രതിസന്ധി: ടൂറിസം രംഗത്ത് 21.5 ദശലക്ഷം തൊഴില്‍ നഷ്ടം

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തെ വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 21.5 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍. 2020ല്‍ കോവിഡ് ആരംഭിച്ചതുമുതലുള്ള കണക്കാണിത്. വിനോദ സഞ്ചാര മേഖലയില്‍ കോവിഡ് സൃഷ്ടിച്ച ആഘാതത്തെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ഉദ്ധരിച്ച് കേന്ദ്ര ടൂറിസം മന്ത്രി ജി കൃഷ്ണ റെഡ്ഡിയാണ് ഇത് വ്യക്തമാക്കിയത്.
കോവിഡിന്റെ ഒന്നാം തരംഗം ഉണ്ടായപ്പോള്‍ രാജ്യത്തെ വിനോദ സഞ്ചാരികളുടെ വരവ് 93 ശതമാനം കുറഞ്ഞു. രണ്ട്, മൂന്ന് തംരഗങ്ങളില്‍ ഈ കണക്ക് യഥാക്രമം 79 ശതമാനം 64 ശതമാനം എന്നിങ്ങനെ ആയിരുന്നു. 

ഒന്നാം തരംഗത്തില്‍ മാത്രം 14.5 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് പഠനത്തില്‍ കണ്ടെത്തി. രണ്ടാം തരംഗത്തില്‍ വിദോദ സഞ്ചാര മേഖലയില്‍ 5.2 ദശലക്ഷം തൊഴില്‍ നഷ്ടമാണ് ഉണ്ടായത്. മൂന്നാം തരംഗത്തില്‍ 1.8 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും ലോക്‌സഭയിലെ ചോദ്യോത്തരവേളയില്‍ കേന്ദ്രമന്ത്രി പറഞ്ഞു. കോവിഡിനു മുമ്പ് 38 ദശലക്ഷം പേരാണ് വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ വിനോദ സഞ്ചാര മേഖലയില്‍ ഉണര്‍വ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖലയെ സഹായിക്കുന്നതിന്, ട്രാവൽ, ടൂറിസം പങ്കാളികൾക്ക് 10 ലക്ഷം രൂപയും ടൂറിസ്റ്റ് ഗൈഡുകൾക്ക് ഒരു ലക്ഷം രൂപ വരെയും പലിശ രഹിത വായ്പ നൽകുമെന്ന് റെഡ്ഡി പറഞ്ഞു.

ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്ത്യയുടെ റാങ്ക് ഏകദേശം 20 സ്ഥാനങ്ങൾ ഉയർന്നു. 2013 ലെ 52 ൽ നിന്ന് 2019 ൽ 32 ആയിരുന്നു. കോവിഡിനു ശേഷം ഈ മാസം ഏഴ് വരെ 51,960 റെഗുലര്‍ വിസകളും 1.57 ലക്ഷം ഇ വിസകളും ഇന്ത്യ നല്‍കിയിട്ടുണ്ട്. യാത്ര ചെലവേറുന്നത് ടൂറിസം വ്യവസായത്തെ ബാധിക്കുമെന്നതിനാല്‍ വിമാനക്കൂലിയിൽ നിയന്ത്രണം വേണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി. ഉഡാൻ പദ്ധതിക്ക് കീഴിലുള്ള വിമാന നിരക്കുകൾക്ക് സബ്‌സിഡി നൽകുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഇതിനോട് പ്രതികരിച്ചു.

Eng­lish Summary:covid cri­sis: 21.5 mil­lion jobs lost in tourism
You may also like this video

Exit mobile version