Site icon Janayugom Online

കോവിഡ് കാല പാളിച്ചകള്‍; കണക്കുകള്‍ മൂടിവച്ചു

കോവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയാതിരുന്ന കേന്ദ്രസര്‍ക്കാര്‍ ജനന മരണ കണക്കുകള്‍ മറച്ചുപിടിക്കുന്നു. കോവിഡ് പ്രതിരോധം പാളിയതോടെ രാജ്യത്ത് ക്രമാതീതമായി മരണങ്ങള്‍ ഉയര്‍ന്നെന്ന വസ്തുത മൂടിവയ്ക്കാനാണ് കണക്കുകള്‍ പുറത്തുവിടാത്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോവിഡ് മരണം സംബന്ധിച്ച രാജ്യത്തിന്റെ കണക്കുകള്‍ യഥാര്‍ത്ഥ കണക്കുകളെക്കാള്‍ തുലോം കുറവാണെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. യഥാര്‍ത്ഥ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സര്‍ക്കാരുകള്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക. എന്നാല്‍ സിവില്‍ രജിസ്ട്രേഷന്‍ സംവിധാനം (സിആര്‍എസ്) സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രണ്ട് തവണമാത്രമാണ് ജൂണിന് ശേഷം സിആര്‍എസ് വിവരങ്ങള്‍ പുറത്തുവിട്ടത്.

കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും നടപ്പാക്കിയ 2020 ലെ റിപ്പോര്‍ട്ട് 2022 മേയ് മൂന്നിനാണ് പുറത്തുവിട്ടത്. അതേസമയം സാധാരണനിലയില്‍ കടന്നുപോന്ന 2022, 2023 വര്‍ഷത്തെ സ്ഥിതിവിവരങ്ങള്‍ ഇതുവരെ പുറംലോകം കണ്ടിട്ടില്ല. 2021ല്‍ കോവിഡിന്റെ രണ്ടാം തരംഗമുണ്ടായെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് തടസങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രഥമദൃഷ്ട്യാ വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ കാരണങ്ങളില്ലാതിരിക്കെ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ ദുരൂഹതയുണ്ട്. മോഡിയുടെ ഭരണകാലയളവില്‍ പുറത്തുവന്ന മൊത്ത ആഭ്യന്തര ഉല്പാദനം, നിക്ഷേപ പദ്ധതികള്‍, തൊഴിലില്ലായ്മ, ശൗചാലയം സംബന്ധിച്ച വിവരങ്ങള്‍, ഉപഭോക്തൃസര്‍വെ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയിലാണ് ജനന മരണ രജിസ്ട്രേഷന്‍.

മരണം നടന്ന് 21 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ നടത്തണമെന്നാണ് നിയമം. മുഴുവന്‍ ജനന-മരണങ്ങളും രേഖപ്പെടുത്തുന്നില്ലെങ്കിലും ഇതില്‍ പുരോഗതിയുണ്ടെന്ന് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. 2020ലെ മരണവിവരങ്ങള്‍ ഉള്‍പ്പെടുത്തി 2022ല്‍ പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് 11 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും 21 ദിവസത്തിനുള്ളില്‍ ആകെ മരണത്തിന്റെ 90 ശതമാനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 80 ശതമാനം മരണം ഈ കാലയളവില്‍ രേഖപ്പെടുത്തി. മറ്റ് ഏഴെണ്ണമാകട്ടെ പകുതി മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പകുതി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 21 ദിവസത്തില്‍ കൂടുതലെടുത്തത് എട്ട് സംസ്ഥാനങ്ങളാണ്. 2020ലെ കോവിഡ് നിയന്ത്രണങ്ങളാണ് ഇതിന് കാരണമായി പറയുന്നത്.

Eng­lish Sum­ma­ry: covid death list in india
You may also like this video

Exit mobile version