Site icon Janayugom Online

രണ്ട് ഡോസ് വാക്സിനെടുത്തിട്ടും 25 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്

കോവിഡിന്റെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഡല്‍ഹിയിലെ 25 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് വീണ്ടും ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാക്സിന്‍ സ്വീകരിച്ച ശേഷം രോഗം ബാധിച്ച 600 റോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡിന്റെ ഗുരുതരമായ അവസ്ഥകള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വാക്സിന്‍ പ്രതിരോധത്തിന്റെ ഫലപ്രാപ്തിയെ കുറിച്ച് സമഗ്ര ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. വാക്സിന്‍ ഫലപ്രാപ്തിയെ കുറിച്ച് ഇന്ത്യയില്‍ നടത്തിയ പഠനങ്ങളില്‍ ഇതാദ്യമായാണ് ഉയര്‍ന്ന ശതമാനം രോഗബാധ രേഖപ്പെടുത്തുന്നത്.ഡല്‍ഹിയിലെയും ഗുരുഗ്രാമിലേയും മാക്സ് ഗ്രൂപ്പ് ഹോസ്പിറ്റലില്‍ ഇന്‍സിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ വിദഗ്‍ധരാണ് പഠനം നടത്തിയത്. 

രണ്ട് വാക്സിനുകളുടേയും ഇടവേളകള്‍ പലരിലും വ്യത്യസ്തമായിരുന്നു. പഠനം ന‍ടത്തിയ 482 പേര്‍ ആദ്യഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞാണ് രണ്ടാം ഡോസ് സ്വീകരിച്ചത്. പകുതിയോളം പേര്‍ വാക്സിനേഷനു മുന്‍പ് കോവിഡ് വന്നവരാണ്. രണ്ടാമതും രോഗബാധയുണ്ടാകുന്നതിന്റെ തോത് മനസിലാക്കാന്‍ ആന്റിബോഡികളുടെ എണ്ണത്തെകുറിച്ചും ഗവേഷകര്‍ പഠനം നടത്തിയിരുന്നു. നിലവിൽ, കോവിഡിന്റെ സ്പൈക്ക്-പ്രോട്ടീനെതിരെ ആന്റിബോഡികൾ ഉല്പാദിപ്പിക്കുന്ന രീതിയിലാണ് എല്ലാ വാക്സിനുകളും രൂപകല്പന ചെയ്തിരിക്കുന്നത്.
രോഗബാധികര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാധ്യത കൂടുതലായിരുന്നു. രോഗബാധയുണ്ടായ 25 ശതമാനം പേരിലും കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് കണ്ടെത്തിയത്. 

യുഎസ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പഠനങ്ങള്‍ അനുസരിച്ച് ജനസംഖ്യയുടെ പകുതിയും കുത്തിവയ്പ് എടുത്തിട്ടും അവരിൽ തുടർ രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയും ഈ അവസ്ഥയില്‍ നിന്ന് മുക്തമാകില്ലെന്ന് പഠനം സൂചിപ്പിക്കുന്നു.
eng­lish summary;covid is report­ed to have re-infect­ed 25 per cent of health work­ers in Delhi
you may also like this video;

Exit mobile version