Site icon Janayugom Online

ചെറുപ്പക്കാരില്‍ കോവിഡ്ബാധ വര്‍ദ്ധിക്കുന്നു; കൂടുതല്‍ പേര്‍ക്കും രോഗലക്ഷണങ്ങളില്ല

സമ്പര്‍ക്കത്തിലായതുകൊണ്ടോ രോഗനിരീക്ഷണത്തിന്റെ ഭാഗമായോ  നടത്തുന്ന കോവിഡ് പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നുവെന്ന് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസ്. ഇതില്‍ ഭൂരിഭാഗം പേരും ചെറുപ്പക്കാരാണ്. കൂടുതല്‍ ഇടപെടലുള്ള ഇവരില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ മറ്റുള്ളവര്‍ക്കും രോഗബാധയുണ്ടാകും. അതുകൊണ്ടുതന്നെ വീടുകളില്‍ രോഗ വ്യാപനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വീട്ടിലെ പ്രായമായവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇവരില്‍ നിന്ന് രോഗം പിടിപെടാനിടയുണ്ട്. ശരിയായ മുന്‍കരുതലുകള്‍ എടുക്കുക. പുറത്തുപോയി മടങ്ങിയെത്തുമ്പോള്‍ വസ്ത്രങ്ങള്‍ കഴുകി കുളിച്ചശേഷം വീടിനുള്ളില്‍ ഇടപെടുക. പ്രായമായവരോട് അടുത്തിടപഴകാതിരിക്കുക. പ്രായമുള്ളവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കരുത്. ജോലിക്കു പോവുക പോലെയുള്ള അവശ്യകാര്യങ്ങള്‍ക്കല്ലാതെയുള്ള മറ്റ് ഒത്തുചേരലുകളും ഇടപെടലുകളും ചെറുപ്പക്കാരില്‍ താരതമ്യേന കൂടുതലാണ്. വാക്സിന്‍ സ്വീകരിച്ചാലും കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍  കൃത്യമായി പാലിക്കുക. മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാവുന്നത് രോഗം പിടിപെടാനും, അഥവാ ലക്ഷണങ്ങളില്ലാതെ രോഗിയാണെങ്കില്‍ മറ്റുള്ളവരിലേയ്ക്ക് രോഗം വ്യാപിക്കാനുമിടയുണ്ട്.

ചെറുപ്പക്കാരില്‍ ഒരുപക്ഷേ മറ്റു ബുദ്ധിമുട്ടുകളില്ലാതെ രോഗം ഭേദമായേക്കാം. ഇവരുടെ അശ്രദ്ധ മൂലം രോഗബാധിതരാകുന്ന പ്രായമുള്ളവര്‍ക്ക് കോവിഡ് മരണ കാരണം വരെ ആകുന്നു എന്നത് മറക്കരുതെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.  രോഗം പിടിപെടാതിരിക്കാന്‍ കരുതലെടുക്കുക, വീട്ടിലെ അംഗങ്ങള്‍ക്ക് രോഗം പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

You may also like this video:

Exit mobile version