Site iconSite icon Janayugom Online

കോവിഡ് വ്യാപനം: സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച്‌ കേന്ദ്രം

കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് കേരളമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരാനിരിക്കുന്ന ഉത്സവങ്ങളും ബഹുജന കൂട്ടായ്മകളും കോവിഡ് ‑19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ വ്യാപനത്തിന് ആക്കം കൂട്ടുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി. കേരളത്തിന് പുറമെ, ഡൽഹി, കർണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങൾക്കാണ് കത്ത് നൽകിയത്.

ഒരു മാസമായി കേരളത്തില്‍ പ്രതിദിന കോവിഡ് വര്‍ധന മാറ്റമില്ലാതെ തുടരുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തില്‍ പറയുന്നു. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക് എന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിമൂന്ന് ജില്ലകളില്‍ പരിശോധന കുറഞ്ഞതായും കേന്ദ്രം വിലയിരുത്തുന്നു.

ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളില്‍ ആളുകള്‍ ഒത്തുചേരാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,406 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 49 മരണവും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മുഴുവന്‍ മരണസംഖ്യ 5,26,649 ആയി ഉയര്‍ന്നു. സജീവ രോഗികളുടെ എണ്ണം 1,34,793 ആണ്. സംസ്ഥാനത്ത് ഇന്നലെ 1158 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1590 പേര്‍ രോഗമുക്തി നേടി.

Eng­lish Summary:Covid spread: Cen­ter sends let­ter to states
You may also like this video

Exit mobile version