Site iconSite icon Janayugom Online

ജെഎന്‍.1: ഭീഷണിയായി പുതിയ കോവിഡ് വകഭേദം, അതിവേഗം പടരുന്നതായി ആരോഗ്യ വിദഗ്ധര്‍

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം-ജെഎൻ.1 പുതിയ ഭീഷണിയാകുന്നു. ഇന്ത്യയില്‍ ഈ കോവിഡ് വകഭേദം കേരളത്തില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അതിവേഗം പകരുന്ന വകഭേദമായാണ് ജെഎൻ.1 നെ  ഇന്ത്യൻ സാഴ്‌സ് കോവ്-2 ജീനോമിക്‌സ് കൺസോർഷ്യം (ഇൻസാ കോഗ്) വിലയിരുത്തുന്നത്. ബിഎ. 2.86 വകഭേദത്തിൽ നിന്നും ഉണ്ടായ പുതിയ രൂപമാണ് ജെഎൻ.1.
രാജ്യം കനത്ത ജാഗ്രത പുലര്‍ത്തുന്നതായും രോഗം മൂര്‍ച്ഛിക്കുന്നതായോ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യകതയുണ്ടെന്നോ റിപ്പോര്‍ട്ടുകളില്ലെന്നും ഇന്‍സാകോഗ് തലവൻ എൻ കെ അറോറ അറിയിച്ചു.
പകർച്ചാശേഷി കൂടുതലായതിനാൽ രോഗികളുടെ എണ്ണം ഉയരാൻ ഈ വകഭേദം കാരണമായേക്കും. നിലവിലുള്ള വാക്സിനുകൾക്ക് ഇതിനെ പ്രതിരോധിക്കാനാവുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. ഇന്നലെ 312 കോവിഡ് കേസുകള്‍ രാജ്യത്ത് രേഖപ്പെടുത്തി. നിലവില്‍ സജീവ കോവിഡ് കേസുകളുടെ എണ്ണം 1,296 ആയി ഉയര്‍ന്നിട്ടുണ്ട്.
ലക്സംബര്‍ഗിലാണ് ആദ്യമായി ബിഎ. 2.86 വക ഭേദത്തിന്റെ ഉപ വകഭേദമായ ജെഎൻ.1 കണ്ടെത്തുന്നത്. 2021ൽ യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ വലിയ ജീവഹാനി ഉണ്ടാക്കിയ ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉണ്ടായതാണ് പിറോള അഥവാ ബിഎ. 2.86. നേരത്തെ കണ്ടെത്തിയ വകഭേദങ്ങളുമായി സാമ്യമുള്ളവയാണ് ജെഎൻ.1. എന്നാല്‍ നിരവധി പരിവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച് സ്പൈക്ക് പ്രോട്ടീനുകളില്‍ ഉണ്ടായതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ആര്‍ജ്ജിത കോവിഡ് പ്രതിരോധ ശേഷിയെ മറികടക്കുന്നതായാണ് സൂചന.
നേരത്തെ കണ്ടെത്തിയ വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ പടരുകയും പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ചെയ്യുന്നവയാണ് ജെഎൻ.1. അതുകൊണ്ടു തന്നെ നേരത്തെ കോവിഡ് ബാധിച്ചവരെയും വാക്സിൻ സ്വീകരിച്ചവരെയും രോഗം ബാധിച്ചേക്കാമെന്ന് നാഷണല്‍ ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ കോവിഡ് ടാസ്ക് ഫോഴ്സ് സഹ അധ്യക്ഷൻ രാജീവ് ജയദേവൻ പറഞ്ഞു. എന്നാല്‍ കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പിലൂടെ ജെഎൻ.1നെ നേരിടാനാകുമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവൻഷൻ അഭിപ്രായപ്പെട്ടു.
Eng­lish Sum­ma­ry: Covid sub­vari­ant JN.1 case detect­ed in Kerala
You may also like this video
Exit mobile version