Site icon Janayugom Online

കോവിഡ് ചികിത്സ വസ്തുക്കൾ: സെസ് സെപ്റ്റംബര്‍ 30 വരെ ഒഴിവാക്കി

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കിയത് സെപ്റ്റംബര്‍ 30 വരെ കേന്ദ്ര ധനമന്ത്രാലയം നീട്ടി. ഓഗസ്റ്റ് 31 വരെയായിരുന്നു നേരത്തെ ഇളവ് അനുവദിച്ചിരുന്നത്. ഏപ്രില്‍ 24ന് വിജ്ഞാപനം വന്നതിന് ശേഷം കോവിഡ് വാക്‌സിന്‍, ഓക്‌സിജന്‍ ഉല്പാദിപ്പിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി രണ്ടാംതവണയാണ് നീട്ടുന്നത്. രാജ്യത്ത് പലയിടത്തും കോവിഡ് വ്യാപനത്തോത് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ പൊതുതാല്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു. 

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് നിരവധി ജീവനുകള്‍ കവരുകയും ഓക്‌സിജന്‍ ലഭ്യതയെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചത്. മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍, ജനറേറ്റര്‍, വെന്റിലേറ്റര്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കായിരുന്നു ഇളവ് നല്‍കിയത്. രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഇറക്കുമതി ത്വരിതപ്പെടുത്തണമെന്ന് ഒരു യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 

ENGLISH SUMMARY:Covid Treat­ment Mate­ri­als: Cess Exempt until 30th September
You may also like this video

Exit mobile version