Site iconSite icon Janayugom Online

കോവിഡ് വാക്സിന്‍, മരുന്ന് നിര്‍മ്മാണം: പൊതുമേഖലയെ തഴഞ്ഞു

VaccineVaccine

കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉപയോഗിക്കാത്തതെന്തുകൊണ്ടാണെന്ന് പാര്‍ലമെന്ററി കമ്മിറ്റി.

രണ്ടാം കോവിഡ് തരംഗത്തിന്റെ സമയത്ത് 40 കേന്ദ്രങ്ങളില്‍ റെംഡെസിവിര്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രം അടിയന്തര അനുമതി നല്‍കിയെന്ന് മരുന്ന്-രാസവള പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിനു കീഴിയുള്ള ഒരു പൊതുമേഖലാ മരുന്ന് നിര്‍മ്മാണ സ്ഥാപനത്തിനു പോലും റെംഡെസിവിറോ കോവിഡ് ചികിത്സയ്ക്കുള്ള മറ്റ് അവശ്യ മരുന്നുകളോ നിര്‍മ്മിക്കാനുള്ള വൊളന്ററി ലൈസന്‍സ് നല്‍കിയില്ലെന്ന് സമിതിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മരുന്ന് ഉല്പാദനത്തില്‍ ദീര്‍ഘകാലമായി വിശ്വാസവും ഗുണമേന്മയും കാര്യക്ഷമതയും വികസിപ്പിച്ചെടുത്ത പൊതുമേഖലാ സ്ഥാപനങ്ങൾക്കു് സര്‍ക്കാര്‍ തുല്യ അവസരം നല്‍കണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. ഡിഎംകെ എംപി കെ കനിമൊഴി അധ്യക്ഷയായ 30 അംഗ സമിതിയുടേതാണ് റിപ്പോര്‍ട്ട്.

കോവിഡ് വ്യാപനത്തിനിടെ അംഗീകൃത ചികിത്സാ മാനദണ്ഡങ്ങള്‍ അവഗണിച്ചുകൊണ്ട് മരുന്നുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതില്‍ സമിതി ആശങ്ക പ്രകടിപ്പിച്ചു. ഗുരുതര രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് ചികിത്സയ്ക്ക് റെംഡെസിവിര്‍ ഉപയോഗിക്കാമെന്ന 2021 ജൂണ്‍ ഏഴിലെ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഇത്. രണ്ടാം തരംഗത്തിനിടെ റെംഡെസിവിര്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടുവെന്നും സമിതി ചൂണ്ടിക്കാട്ടി.

മരുന്ന് നിര്‍മ്മാണത്തിലും അത് വിപണയില്‍ ലഭ്യമാകുന്നതിലും ഉണ്ടായ കാലതാമസം രണ്ടാം തരംഗത്തിനിടെ പ്രതിസന്ധി സൃഷ്ടിച്ചു. മരുന്ന് നിര്‍മ്മാണത്തിനു വേണ്ട അസംസ്കൃത വസ്തുക്കള്‍ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നതും മരുന്ന് ലഭ്യത മന്ദഗതിയിലാക്കി.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) മരുന്നുകളുടെ ലഭ്യത സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരുന്നു. എന്നാല്‍ 38 പരാതികള്‍ മാത്രമാണ് അതിലൂടെ ലഭിച്ചത്. സമാന വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ സംഖ്യ വളരെ കുറവാണ്. ഇത് ഇത്തരത്തിലുള്ള ഒരു സംവിധാനത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ പ്രവര്‍ത്തനവും ഉണ്ടായിട്ടില്ലെന്നതിന് തെളിവാണെന്നും സമിതി ചൂണ്ടിക്കാട്ടി.

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചും കരിഞ്ചന്തകളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കണമെന്ന് സമിതിയുടെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കോവിഡ് മരുന്നുകളെയും മെഡിക്കല്‍ ഉപകരണങ്ങളെയും ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും വില ഏകീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.

Eng­lish Sum­ma­ry: Covid Vac­cine, Drug Man­u­fac­tur­ing: The Pub­lic Sector

You may like this video also

Exit mobile version