Site iconSite icon Janayugom Online

പിടിവിടാതെ കോവിഡ്: മൂന്നാം ദിവസം മൂന്ന് ലക്ഷം

രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍. പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായ മൂന്നാം ദിനവും മൂന്ന് ലക്ഷത്തിന് മുകളിലെത്തി. മൂന്നാം തരംഗത്തില്‍ വന്‍ വര്‍ധവാണ് കോവിഡ് കേസുകളിലുള്ളത്. 24 മണിക്കൂറിനിടെ 3,37,704 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 17.22 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. അതിനിടെ രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 10,050 ആയി. രോഗവ്യാപനം കണക്കിലെടുത്ത് ഡൽഹിയിലും രാജസ്ഥാനിലും ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ തുടരുകയാണ്. മഹാരാഷ്ട്രയിൽ 48,270 പേരും, കർണാടകയിൽ 48,049 പേരും കോവിഡ് ബാധിതരായി. തമിഴ്നാട്ടിൽ 29,870 ഉം ഗുജറാത്തിൽ 21, 225 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലും ‚ഹരിയാനയിലും പ്രതിദിന കേസുകൾ പതിനായിരത്തിനടുത്തെത്തി.

അതിനിടെ കേരളത്തില്‍ 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.സംസ്ഥാനത്ത് ആകെ 761 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 518 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും  15 പേരും എത്തിയിട്ടുണ്ട്. 99 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 29 പേരാണുള്ളത്.

കേരളത്തില്‍ കഴിഞ്ഞദിവസം 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,053 പേര്‍ രോഗമുക്തി നേടി.  ഇതോടെ 2,23,548 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,76,647 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സക്കായി ഐ.സി.യു ഉൾപ്പെടെ കൂടുതൽ കിടക്കകൾ സജ്ജമാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്. കോവിഡ് രോഗികൾക്കായുള്ള കിടക്കകളുടെ എണ്ണം 205ൽ നിന്ന് 400 ആയി ഉയർത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിറക്കി. ഐ.സി.യു കിടക്കകളുടെ എണ്ണം നിലവിലെ 21ൽ നിന്ന് ഇരട്ടിയായി വർധിപ്പിച്ചു. കോവിഡ് ഇതര രോഗങ്ങൾക്കുള്ള കിടത്തി ചികിത്സ കുറയ്ക്കുന്നതിലൂടെ കൂടുതൽ വാർഡുകളെ കോവിഡ് അനുബന്ധ ചികിത്സക്കായി ഉപയോഗിക്കാനും നിർദേശമുണ്ട്.

കാറ്റഗറി സി വിഭാഗത്തിൽപെടുന്ന ഗുരുതര സാഹചര്യത്തിലുള്ള കോവിഡ് രോഗികൾക്കായി പ്രത്യേക ഒ.പി സജ്ജീകരിക്കാനും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ പ്രവേശനം നൽകാനുമാണ് നിർദേശം. കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിൽ കാറ്റഗറി ബി രോഗികളെ സി.എസ്.എൽ.ടി.സികളിലേക്കും കാറ്റഗറി എ വിഭാഗത്തിലുള്ള രോഗികളെ ഹോം ഐസൊലേഷനിലേക്കും മാറ്റണം. റഫറൽ കേന്ദ്രങ്ങളിൽ പ്രവേശന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്. മെഡിക്കൽ കേളേജിലെ കാറ്റഗറി ബി രോഗികൾക്കുള്ള റഫറൽ കേന്ദ്രമായി പേരൂർക്കട സർക്കാർ ഇ.എസ്.ഐ ആശുപത്രി പ്രവർത്തിക്കും.

നോൺ ക്ലിനിക്കൽ വിഭാഗങ്ങളിലെ ഡോക്ടർമാരെയും ജീവനക്കാരെയും അടിയന്തരഘട്ടങ്ങളിൽ കോവിഡ് ഡ്യൂട്ടിക്കായി പുനർവിന്യസിക്കണം. കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധിക ജീവനക്കാരുടെ സേവനം ലഭ്യമാകുന്നതുവരെ മെഡിക്കൽ കോളേജ് ജീവനക്കാരെ അടിയന്തരഘട്ടങ്ങളിൽ വിന്യാസിക്കാനും ഉത്തരവിൽ നിർദേശിക്കുന്നു.

അഡ്മിനിസ്ട്രേഷൻ ഇൻഫ്രാസ്ട്രക്ചറിന്റെയും ഡാറ്റ അപ്‌ഡേഷന്റേയും ചുമതലയുള്ള നോഡൽ ഓഫീസർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക് പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റുമായി ചേർന്ന് പ്രവർത്തിക്കണമെന്നും നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷൻ 51 പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

Eng­lish Sum­ma­ry: covid with­out catch: Three lakhs on the third day

You may like this video also

Exit mobile version