Site iconSite icon Janayugom Online

ഭീരുവായ ഭരണാധികാരി ഭാരതത്തിന് ഭൂഷണമോ

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കാടന്‍ ഭരണത്തെ പൊരുതിത്തുരത്തിയ പാരമ്പര്യമാണ് ഭാരതത്തിന്റേത്. ഭരണഘടനയും ഭരണാധികാരികളുടെ സമീപനവുംകൊണ്ട് ഭാരതം മറ്റേതുരാജ്യങ്ങളേക്കാളും മുന്നിലായിരുന്നു. ജനങ്ങള്‍ക്കൊപ്പമായിരുന്നു അത്. മഹത്തായ പാരമ്പര്യം അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസിന്റെ തലമുറകള്‍ക്കിപ്പുറമുള്ള നേതൃത്വം ഭരണത്തലപ്പത്തെത്തിയതോടെ സാമ്പത്തിക രീതി അടിമേല്‍മറിഞ്ഞു. പുത്തന്‍പണക്കാരും അതിസമ്പന്നരും ജനങ്ങള്‍ക്കെതിരെ കൈകോര്‍ത്ത് ബിജെപിയെ ഭരണമേല്‍പ്പിക്കുന്നിടത്തേക്ക് കാര്യങ്ങളെത്തി. ഇന്ന് ജനങ്ങള്‍ക്കും ദേശസങ്കല്പങ്ങള്‍ക്കും സംസ്കാരത്തിനും വിരുദ്ധമായ കൂട്ടുകെട്ടാണ് ഭരണം നിര്‍വഹിക്കുന്നതെന്ന് വീണ്ടും വീണ്ടും പറയേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ ജനതയ്ക്കൊപ്പമാണ് തങ്ങളെന്ന് വാചാലരാവുകയും ഇന്ത്യക്കകത്തും പുറത്തുമായി പണക്കൊയ്ത്തുനടത്തുന്ന ചെറിയൊരു വിഭാഗത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ആര്‍എസ്എസ്-നരേന്ദ്രമോഡി ഭരണകൂടം ഇവിടത്തെ ജനങ്ങളെയാകെ ബന്ധനത്തിലാക്കിയാണ് അധികാരക്കസേരയില്‍ അമര്‍ന്നിരിക്കുന്നത്. തുടക്കത്തില്‍ ജനങ്ങളുടെ പ്രതിഷേധത്തെയും പ്രതികരണത്തെയും അസഹിഷ്ണുതയോടെയാണ് കൈകാര്യം ചെയ്തിരുന്നതെങ്കില്‍, ഇന്ന് ഭീതിയോടെയാണ് അതിനെ സമീപിക്കുന്നത്. കല്ലെടുക്കാന്‍ കുനിയുമ്പോഴേക്കും ഓടിയകലുന്ന ‘ശ്വാനവീര’ന്മാരെപ്പോലെയാണിന്ന് കേന്ദ്രഭരണക്കാര്‍. കഴിഞ്ഞ ദിവസം പഞ്ചാബിലെ ജലന്ധറില്‍ നടന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പുറാലിയില്‍ കണ്ടതും അതുതന്നെയാണ്. ജലന്ധറിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പ്രതിഷേധിക്കുമെന്ന് 23 കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന് തിരിഞ്ഞോടേണ്ടിവരുമായിരുന്നു. ഉള്‍ഭയം പുറത്തറിയാതിരിക്കാനും ലോകത്തിനുമുന്നില്‍ വീണ്ടും നാണംകെടാതിരിക്കാനും പക്ഷെ നരേന്ദ്രമോഡി ചെയ്തത്, നാട്ടിലെ കര്‍ഷകരെ മുഴവന്‍ വീട്ടുതടങ്കലിലാക്കുകയാണ്.


ഇതുകൂടി വായിക്കാം; മോഡിയുടെ വിവാദ നയങ്ങളും തിരിച്ചടികളും


കര്‍ഷകരെ തടങ്കിലാക്കിയതിനുപുറമെ പ‍ഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ ഹെലികോപ്റ്ററിന് പറക്കാനുള്ള അനുമതിയും റദ്ദാക്കി. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് യാതൊരു സങ്കോചവുമില്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസ് പറയുകയും ചെയ്തു. കേന്ദ്രസേനയുടെയും പൊലീസ് പടയുടെയും വലയത്തിലാണ് പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടി അണികളോട് തെരഞ്ഞെടുപ്പ് രാഷ്ട്രീയം പറഞ്ഞത്. ജനുവരിയില്‍ ഫിറോസ്‌പുരില്‍ നിശ്ചയിച്ച ബിജെപി റാലിയില്‍ പങ്കെടുക്കാനെത്തിയ നരേന്ദ്രമോഡിയെയും വാഹനവ്യൂഹത്തെയും പിയേറേന മേല്പാലത്തില്‍ കര്‍ഷകജനത തടഞ്ഞത് ലോകത്താകെ വാര്‍ത്തയായിരുന്നു. പൊങ്ങച്ചംകൊണ്ട് കെട്ടിയുയര്‍ത്തി ലോകരാജാവ് ചമയാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയായിരുന്നു അന്ന് മോഡിക്ക് നാണക്കേടുണ്ടാക്കിയ പ്രതിഷേധം ഉണ്ടായത്. അന്നുകയറിക്കൂടിയ ഭയപ്പാടില്‍ നിന്ന് നരേന്ദ്രമോഡിക്ക് ഇനിയും മോചനമായിട്ടില്ല. മാന്യമായി പുറത്തിറങ്ങാനുള്ള പോംവഴിയായാണ് കര്‍ഷകരുടെ സ­മരം അവസാനിപ്പിക്കാ­ന്‍ പ്രധാനമന്ത്രി തയ്യാറായത്. എന്നാല്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കുന്നതിനായി മോഡി സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല. താങ്ങുവില സംബന്ധിച്ച സമിതി ഉണ്ടാക്കിയതാണ് ആകെ ചെയ്തത്. എന്നാ­ല്‍ അതിന്റെ തുടര്‍നടപടികള്‍ ഉണ്ടായില്ല. കര്‍ഷക സമരപോരാളികള്‍ക്കെതിരെയുള്ള കേസുകളും പിന്‍വലിച്ചില്ല. ഈ സാഹചര്യത്തില്‍ വീണ്ടും സമരത്തിലേക്ക് എന്ന കര്‍ഷകരുടെ പ്രഖ്യാപനം മോഡീഭരണകൂടത്തിനുമേല്‍ വാളുപോലെ തൂങ്ങിക്കിടക്കുന്നുണ്ട്. ആ പോരാട്ടവീര്യം അസ്തമിച്ചിട്ടില്ലെന്ന പ്രഖ്യാപനമായിരുന്നു ജലന്ധറില്‍ പ്രതിഷേധമുണ്ടാകും എന്ന കര്‍ഷകരുടെ മുന്നറിയിപ്പ്.


ഇതുകൂടി വായിക്കാം; ജനാധിപത്യം പ്രതിസന്ധിയിൽ


കശ്മീര്‍ മോഡല്‍ വീട്ടുതടങ്കല്‍ പദ്ധതിയൊരുക്കി ഇനിയിങ്ങനെ എത്രനാള്‍ നാടിന്റെ പ്രധാനമന്ത്രിക്ക് നാട്ടിലിറങ്ങേണ്ടിവരും എന്നത് ജനതയുടെ മാനക്കേടായിമാറി. ജലന്ധറിലെ സംഭവത്തോടെ വീരനെന്ന് വിശേഷിപ്പിച്ച മോഡിയെ ഭീരുവെന്ന് വിളിക്കുന്ന സ്ഥിതിയിലേക്കെത്തി. മോഡിക്കുമുന്നില്‍ ഇനിയുള്ളത് വലിയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമായിരിക്കും. 333 ദിവസം നീണ്ട കര്‍ഷക സമരത്തില്‍ വിവിധ അതിര്‍ത്തികളില്‍ അണിനിരന്നതിലധികവും പഞ്ചാബിലെയും ഹരിയാനയിലെയും രാജസ്ഥാനിലെയും കര്‍ഷകരായിരുന്നു. മൂന്ന് ലക്ഷത്തിലേറെപ്പേര്‍ സമരകേന്ദ്രങ്ങളില്‍ പതറാതെ നിലകൊണ്ടു. എഴുന്നൂറിലധികം പേര്‍ സമരമുഖത്ത് മരണംവരിച്ചു. അമ്പതിലധികം സംഘടനകള്‍ കര്‍ഷകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. ഇവര്‍ക്ക് ഐക്യം നേര്‍ന്ന്, തൊഴില്‍ പ്രശ്നങ്ങള്‍ക്കൂടി ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ നവംബറില്‍ രാജ്യത്ത് നടന്ന പണിമുടക്കില്‍ പങ്കാളികളായത് 250 ദശലക്ഷം പേരാണ്. ഇനിയുമൊരു മുന്നേറ്റമുണ്ടായാല്‍ നരേന്ദ്രമോഡിക്കും കൂട്ടര്‍ക്കും അത് താങ്ങാവുന്നതിലും അപ്പുറത്തേതാകും. നിയമംകൊണ്ടോ സൈന്യത്തെക്കൊണ്ടോ അടിച്ചമര്‍ത്താവുന്നതല്ല രാജ്യത്തെ കര്‍ഷകരുടെയും തൊഴിലാളികളുടെയും കരുത്ത്.

You may also like this video;

Exit mobile version