19 March 2024, Tuesday

ജനാധിപത്യം പ്രതിസന്ധിയിൽ

Janayugom Webdesk
January 23, 2022 5:00 am

നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് സമകാലിക ഇന്ത്യ നേരിടുന്നത്. ഭിന്നിപ്പിന്റെ പ്രതിസന്ധിയാണിത്. ബഹുസ്വരതയ്ക്കായി നിലകൊള്ളുന്ന നമ്മുടെ ഭരണഘടന സ്വേച്ഛാധിപത്യത്തിന്റെ ഭീഷണിയിലാണ്. ജനങ്ങൾ ഐക്യത്തോടെ ജീവിച്ച ഒരു യുഗത്തിന് അന്ത്യംകുറിക്കാൻ ആഹ്വാനം ചെയ്യുന്ന ഭിന്നിപ്പിന്റെ മുദ്രാവാക്യങ്ങളുമായി ‘ഭൂരിപക്ഷ’സംഘമാണ് മുന്നിൽ. ആശയവിനിമയത്തിന് ഇടനല്കാതെ ആളുകളുടെ ശബ്ദം ഇല്ലാതാക്കുക എന്നാണ് അവർ ലക്ഷ്യമിടുന്നത്. വിശപ്പിന്റെയും ഉപജീവനത്തിന്റെയും ജീവിക്കുവാനുള്ള അവകാശത്തിന്റെയും നിലവിളി ആരും കേള്‍ക്കാതെ പോകുന്നു. ജനങ്ങൾ ജാതി, സമുദായം, ലിംഗഭേദം എന്നിവയിൽ ചുരുക്കപ്പെട്ടിരിക്കുന്നു. വിഭജനത്തിന്റെ വിത്തുപാകി, ശത്രുതയെ പ്രോത്സാഹിപ്പിക്കുകയും ബഹുസ്വരതയെ തകർക്കുകയും ചെയ്യുന്നു. ഭൂപ്രദേശങ്ങൾ പോലും വിഭജിക്കപ്പെടുന്നു. മനുഷ്യന്റെ അന്തസിനെ മാനിക്കുക എന്നത് ഒരു വിചിത്രസങ്കല്പമായി മാറിയിരിക്കുന്നു.
1949 നവംബർ 26 നാണ് നമ്മുടെ ഭരണഘടന അംഗീകരിക്കപ്പെട്ടത്. നമ്മുടെ ബൃഹത്തായ രാഷ്ട്രത്തിന്റെ ഏകീകരണവും സാംസ്കാരിക വൈവിധ്യങ്ങളുടെ ഏകീകരണവും 1950 ജനുവരി 26 ഓടെ പൂർത്തിയായി. അത് ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് വിളംബരംചെയ്യപ്പെടുകയും ആ ദിവസം റിപ്പബ്ലിക് ദിനം എന്ന് അറിയപ്പെടുകയും ചെയ്യുന്നു. എന്നാൽ സ്വാതന്ത്ര്യം എന്തിനുവേണ്ടിയായിരുന്നു? നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ആരംഭിക്കാം.

നമ്മുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ നുണകളുടെ പുകമറയിലാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയാണെന്ന വീമ്പിളക്കലാണ് അതിലൊന്ന്. ഈ പുകമറയ്ക്ക് കീഴിൽ ജിഡിപി കുത്തനെ താഴുകയാണ് എന്നതാണ് യാഥാർത്ഥ്യം. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (എൻഎസ്ഒ) 2021–22ലെ ദേശീയ വരുമാനത്തിന്റെ ആദ്യ അഡ്വാൻസ് എസ്റ്റിമേറ്റ് (എഫ്എഇ) ജനുവരി ഏഴിന് പുറത്തിറക്കി. മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) 9.2 ശതമാനം ഉയരുമെന്നായിരുന്നു നിരീക്ഷണം. ഡിസംബറിലെ സാമ്പത്തികനയ അവലോകനത്തിൽ 2021–22ൽ 9.5 ശതമാനം വളർച്ചയാണ് റിസർവ് ബാങ്ക് പ്രവചിച്ചിരുന്നത്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ജിഡിപിയിലുണ്ടായ യഥാർത്ഥ വളർച്ച 8.4 ശതമാനമായിരുന്നു. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 7.3 ശതമാനമായി കുറഞ്ഞിരുന്നു.

 


ഇതുംകൂടി വായിക്കാം;ചരിത്ര നിഷേധത്തിന്റെ വിനാശ വഴികള്‍


 

പൊതുമേഖലകൾ അവയുടെ നടത്തിപ്പിൽ താല്പര്യമില്ലാത്ത കോർപറേറ്റ് സ്ഥാപനങ്ങൾ വാങ്ങിക്കൂട്ടുകയാണ്. ഒന്നും ചെലവാക്കാതെ പണം സമ്പാദിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. കോർപറേറ്റ് സ്ഥാപനങ്ങൾക്ക് ഉല്പാദനത്തിലോ നിക്ഷേപത്തിലോ താല്പര്യമില്ല. വ്യാവസായിക വികസനം അവരുടെ അജണ്ടയിലേ ഇല്ല. അതുകൊണ്ടുതന്നെ പൊതുജനക്ഷേമം വിദൂര സ്വപ്നമായി തുടരുന്നു. റയിൽവേ, എയർപോർട്ട്, ഉല്പാദന കേന്ദ്രങ്ങൾ എല്ലാം ഇത്തരം മാനേജ്മെന്റുകളുടെ ഇരകളാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം വ്യാവസായിക ഉല്പാദനം 1.4 ശതമാനത്തിലേക്ക് താഴ്ന്നു. അതേസമയം പണപ്പെരുപ്പം വർധിച്ചുകൊണ്ടിരിക്കുന്നു. നവംബറിൽ ഇത് 4.9 ശതമാനമായിരുന്നെങ്കിൽ ഡിസംബറിൽ 5.6 ശതമാനമായി ഉയർന്നു. നഗരപ്രദേശങ്ങളിൽ വിലക്കയറ്റം 5.8 ശതമാനം വരെ എത്തുകയും ഗ്രാമപ്രദേശങ്ങളിൽ 5.36 ശതമാനം എന്ന നിരക്കിൽ ജനങ്ങൾ ദുരിതം അനുഭവിക്കുകയും ചെയ്തു. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന വോട്ടെടുപ്പ് അടുത്തതിനാൽ ഇന്ധനവില മാത്രം താല്ക്കാലികമായി സ്ഥിരമായി തുടരുന്നുണ്ട്.

തൊഴിലവസരങ്ങൾ കുറയുകയും ഗ്രാമീണവരുമാനത്തിന്റെ പതനം തുടരുകയും ചെയ്യുന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കനുസരിച്ച് നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 8.51 ശതമാനമാണ്. ഗ്രാമീണ തൊഴിലില്ലായ്മ 6.74 ശതമാനവും. യാഥാർത്ഥ്യം അതിലും ഇരുണ്ടതാണ്. രാജ്യത്ത് 5.3 കോടി പേർ തൊഴിലന്വേഷിക്കുന്നതായി ഇതേ ഏജൻസി പറയുന്നു. നിലവിലുള്ള ജോലികൾ പലതും താല്ക്കാലികവുമാണ്. വേതനവും മോശമാണ്. നിക്ഷിപ്ത താല്പര്യക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് തൊഴിൽ നിയമങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമാണ് പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകൾ. ഈ വിഭാഗമാണ് എല്ലാത്തരം ചൂഷണങ്ങളുടെയും ലക്ഷ്യമായി മാറുന്നത്.


ഇതുംകൂടി വായിക്കാം; വര്‍ഗീയ വിദ്വേഷത്തിന്റെ വിഷത്തൈ നടുന്നവര്‍


അടിസ്ഥാന ഭക്ഷണ പദാർത്ഥങ്ങളായ അരിയും പയറും പാലും ഭക്ഷ്യ എണ്ണയും സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമായതിനാൽ കുട്ടികളുടെ വളർച്ച മുരടിക്കുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളുടെ കുറവും പ്രശ്നമാണ്. ഗ്രാമങ്ങളിലെയും നഗരത്തിലെ ചേരികളിലെയും കുട്ടികൾക്ക് വിദ്യാഭ്യാസം പൂർണമായും നിഷേധിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഒരു പഠനവും നടക്കാത്തതിനാൽ അവർ നിരക്ഷരരായി വളരുന്നു. സ്ത്രീകൾക്ക് തൊഴിലവസരങ്ങളും വളരെ കുറവാണ്. സമ്പദ്‌വ്യവസ്ഥയ്ക്കൊപ്പം നമുക്ക് സ്വാതന്ത്ര്യവും ആവശ്യമാണ്. ആവിഷ്കാര സ്വാതന്ത്ര്യവും ഉപജീവനമാർഗം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന നമുക്ക് നൽകിയിട്ടുണ്ട്. ജോലി, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, അതിജീവനത്തിനുള്ള വസ്തുക്കളുടെ ലഭ്യത എന്നിവ ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം ജനാധിപത്യം ഉറപ്പ് നല്കുന്നു. നമ്മുടെ സാംസ്കാരിക ധാരയെ സംരക്ഷിക്കാനും നിരീക്ഷിക്കാനും ഇത് നമ്മെ അനുവദിക്കുന്നു. എന്നാൽ ശ്വസിക്കാനുള്ള ഇടം പോലും അപഹരിക്കപ്പെടുകയാണ്. സമൂഹത്തെ വിഭജിക്കാൻ ന്യൂനപക്ഷത്തിൽ നിന്ന് രക്ഷപ്പെടാനെന്ന പേരിൽ വർഗീയ വിദ്വേഷം ജ്വലിക്കുന്നു. നമ്മുടെ ദേശീയഗാനം ഉദ്ഘോഷിക്കുന്നത് ഇങ്ങനെയൊരു ഇന്ത്യയെക്കുറിച്ചല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.