ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന തീരുമാനങ്ങളായിരിക്കും സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാവുകയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ. കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും മതേതര ജനാധിപത്യ പാര്‍ട്ടികളെയും കൂട്ടിയോജിപ്പിക്കുന്നതിനും ബിജെപി — ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ ജനവിരുദ്ധ, രാജ്യവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ട പാത രൂപീകരിക്കുമെന്നും പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് നടന്ന റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 1978ല്‍ ഭട്ടിന്‍ഡയില്‍ ചേര്‍ന്ന സിപിഐയുടെയും ജലന്ധറില്‍ ചേര്‍ന്ന സിപിഐ(എം)ന്റെയും പാര്‍ട്ടി കോണ്‍ഗ്രസുകളിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യത്തിനായുള്ള തീരുമാനമുണ്ടായത്. മുതലാളിത്തതിന്റെയും ഇപ്പോള്‍ ബിജെപി — ആര്‍എസ്എസ് ഫാസിസ്റ്റ് ഭരണത്തിന്റെയും കെടുതികള്‍ക്കതിരായ പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യോജിപ്പ് നിര്‍ണായകമായി. എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും തത്വാധിഷ്ഠിതമായ ഏകീകരണവും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയാകെ ഐക്യവും അനിവാര്യമായിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ചണ്ഡിഗഡില്‍ സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്.
പുതുച്ചേരിയില്‍ ചേര്‍ന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ മതേതര, ഇടതു, ജനാധിപത്യ കക്ഷികളുടെ യോജിച്ച നിര വളര്‍ത്തിക്കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തിലേക്ക് ദേശീയ രാഷ്ട്രീയം എത്തിച്ചേര്‍ന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് പൂര്‍ണമായും ഫലപ്രദമായില്ല. വിട്ടുവീഴ്ചകള്‍ ചെയ്തും പരസ്പര സഹകരണത്തോടെയും യോജിപ്പ് കൂടുതല്‍ ശക്തിപ്പെടുത്തുകയും തെരഞ്ഞെടുപ്പ് വിജയത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ എല്ലാവരും പ്രവര്‍ത്തിക്കുകയും വേണമെന്നുമുള്ള സന്ദേശമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ സഖ്യത്തിന്റെയും പുറത്തുള്ള മതേതര ജനാധിപത്യ ശക്തികളുടെയും യോജിപ്പിനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഐ മുന്‍കയ്യെടുക്കുമെന്നും രാജ പറഞ്ഞു. പഞ്ചാബില്‍ നാലാം തവണയും ചണ്ഡീഗഢില്‍ രണ്ടാം തവണയുമാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്. സംസ്ഥാനത്തെ പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും ശക്തി പ്രകടിപ്പിക്കുന്നതായി റാലി മാറി. ഗ്രാമീണ പഞ്ചാബിലെ സിപിഐയുടെ ശക്തി വര്‍ധിച്ചുവരികയാണെന്ന് റാലി തെളിയിച്ചു.

