Site iconSite icon Janayugom Online

സിപിഐ ശതാബ്ദി ആഘോഷത്തിന് നാളെ സമാപനം

സിപിഐ ശതാബ്ദി ആഘോഷ സമാപനത്തിനായി തെലങ്കാനയിലെ ഖമ്മം ഒരുങ്ങി. നഗരമെമ്പാടും കൂറ്റന്‍ കമാനങ്ങളും പ്രചരണ ബോര്‍ഡുകളും കൊടിതോരണങ്ങളും നിറഞ്ഞു. നാളെ വൈകിട്ട് മൂന്നിന് എസ്ആര്‍ ആന്റ് ബിജിഎന്‍ആര്‍ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ലക്ഷം പേരുടെ റാലിയോടെയാണ് ഒരുവര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങള്‍ സമാപിക്കുന്നത്. 10,000 ചുവപ്പ് വോളണ്ടിയര്‍മാരുടെ പ്രത്യേക മാര്‍ച്ചുമുണ്ടാകും. ഉച്ചയോടെ നയാബസാർ കോളജ് ഗ്രൗണ്ടിൽ നിന്നും ശ്രീ ശ്രീ പ്രതിമയുടെ പരിസരത്തു നിന്നും പൊതുപ്രകടനങ്ങള്‍ ആരംഭിക്കും. 

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സംസ്ഥാന സെക്രട്ടറിമാരായ കെ സാംബശിവറാവു (തെലങ്കാന), ജി ഈശ്വരയ്യ (ആന്ധ്രാപ്രദേശ്), ഡോ. കെ നാരായണ തുടങ്ങിയവര്‍ സംസാരിക്കും. ചൈന, വിയറ്റ്നാം, ക്യൂബ, നേപ്പാൾ, വെനസ്വേല, ഉത്തര കൊറിയ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളും റാലിയെ അഭിവാദ്യം ചെയ്യും. സമാപനത്തിന്റെ ഭാഗമായി 20ന് ഇന്ത്യ ഇന്ന്, ഇടതുപക്ഷത്തിന് മുന്നിലുള്ള വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ(എംഎൽ ലിബറേഷൻ) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, മനോജ് ഭട്ടാചാര്യ (ആർഎസ്‌പി), ജി ദേവരാജന്‍ (എഐഎഫ്ബി) എന്നിവര്‍ സംസാരിക്കും. 1925ല്‍ പാര്‍ട്ടി സ്ഥാപക സമ്മേളനം നടന്ന ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 2024 ഡിസംബര്‍ 26നായിരുന്നു ഒരുവര്‍ഷം നീണ്ടുനിന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. എല്ലാ സംസ്ഥാനങ്ങളിലും വിവിധ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുകയുണ്ടായി. 

Exit mobile version