ബിജെപിയെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ആന്ധ്രപ്രദേശില്‍ സിപിഐ, സിപിഐ(എം) സംയുക്ത പ്രചരണത്തിന് ഇന്ന് തുടക്കം. പ്രചാര ഭേരി എന്ന പേരില്‍ അംബേദ്കര്‍ ജയന്തി ദിനമായ ഇന്ന് വന്‍ റാലിയോടെ ആരംഭിക്കുന്ന പ്രചരണം 30വരെ തുടരും. ജില്ലാതല റാലികള്‍, 175 നിയമസഭാ മണ്ഡലം കേന്ദ്രങ്ങളിലും പ്രകടനം, പൊതുയോഗം എന്നിവയാണ് ഇതിന്റെ ഭാഗമായി നടക്കുക. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ലക്ഷക്കണക്കിന് ഭവനങ്ങള്‍ സന്ദര്‍ശിച്ച് പ്രചരണം നടത്തുകയും ചെയ്യും.
ഇന്ന് രാവിലെ പത്തിന് അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ആയിരങ്ങള്‍ അണിനിരക്കുന്ന പ്രകടനം ആരംഭിക്കും. തുടര്‍ന്ന് എംബിപി മൈതാനിയിലെ പൊതുസമ്മേളനത്തില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറിമാരായ കെ രാമകൃഷ്ണ, വി ശ്രീനിവാസറാവു, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യനാരായണ തുടങ്ങിയവര്‍ സംസാരിക്കും. പ്രചരണത്തിന്റെ സമാപനത്തില്‍ ഇരുപാര്‍ട്ടികളുടെയും ജനറല്‍ സെക്രട്ടറിമാരായ ഡി രാജ, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ പങ്കെടുക്കും.
English Summary: CPI-CPI(M) campaign in Andhra from today
You may also like this video