സിപിഐ ദേശീയ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഫെഡറലിസം സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി തമിഴ്‌നാട് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയടക്കം ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കസ്റ്റഡിയിലെടുത്ത സിപിഐ നേതാക്കളെ പിന്നീട് വിട്ടയച്ചു. രാവിലെ മുതല്‍ രാജ്ഭവനുചുറ്റും സിപിഐ പ്രവര്‍ത്തകര്‍ വലയം തീര്‍ത്തിരുന്നു. സമരത്തിന് നേതൃത്വം നല്‍കിയ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി മുത്തരശൻ, തിരുപ്പൂർ എംപി കെ സുബ്ബരായൻ, നാഗപട്ടണം എംപി എം സെൽവരാജ്, സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറിമാരായ എൻ പെരിയസാമി, എം വീരപാണ്ഡ്യൻ, ട്രഷറർ എം അറുമുഖം, നിയമസഭാംഗങ്ങളായ ടി രാമചന്ദ്രൻ (തളി), കെ മാരിമുത്തു (തിരുതുറൈപുണ്ടി) എന്നിവരും അറസ്റ്റിലായിരുന്നു.
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ ആവര്‍ത്തിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ പദവിക്ക് യോജിച്ചതല്ലെന്ന് സിപിഐ നേതാക്കള്‍ പറഞ്ഞു. ഗവർണർ ഹിന്ദുത്വത്തിന്റെയും സനാതന ധർമത്തിന്റെയും വക്താവാണ്. ഗവർണർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സമരത്തിലുടനീളം മുദ്രാവാക്യങ്ങളിലൂടെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന ഫെഡറലിസം സംരക്ഷണ ദിനാചരണം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അമര്‍ജീത് കൗര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാരെയും ലഫ്. ഗവര്‍ണര്‍മാരെയും നിയമിച്ചിരിക്കുന്നതെന്ന് അമര്‍ജീത് കൗര്‍ പറഞ്ഞു. സിപിഐ ഡല്‍ഹി സെക്രട്ടറിയും ദേശീയ കൗണ്‍സില്‍ അംഗവുമായ ദിനേഷ് വാര്‍ഷ്ണെ, എഐവൈഎഫ് ജനറല്‍ സെക്രട്ടറി തിരുമലൈ രാമന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
English Summary;CPI Federalism Protection Day; Thousands arrested including D Raja
You may also like this video