Site iconSite icon Janayugom Online

ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഐ; മാധ്യമങ്ങള്‍ സ്വയം പരിഹാസ്യരാകരുതെന്നും ബിനോയ് വിശ്വം

ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പരിപൂര്‍ണ്ണമായി രാഷ്ട്രീയ ഐക്യം ഉണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയെ പറ്റി മനസ്സിലാക്കാത്തവര്‍ അതിന് ശ്രമിക്കണം. അനാവശ്യ വിവാദങ്ങളുണ്ടാക്കി മാധ്യമങ്ങളില്‍ ചിലര്‍ സ്വയം പരിഹാസ്യരാകരുതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ചകള്‍ ഉള്ള പാര്‍ട്ടിയാണ് സിപിഐ. എല്ലാവര്‍ക്കും പാര്‍ട്ടിയില്‍ ചര്‍ച്ചയ്ക്കുള്ള വേദിയുണ്ട്. ഒരാള്‍ക്ക് മാത്രം സംസാരിക്കാം. ബാക്കിയുള്ളവര്‍ മിണ്ടാതിരിക്കണം എന്ന നയം സിപിഐക്ക് ഇല്ല. ഉള്‍പാര്‍ട്ടി ജനാധിപത്യം പൂര്‍ണമായും പാലിക്കുന്ന പാര്‍ട്ടിയാണ് സിപിഐയെന്നും പാര്‍ട്ടിയെ അറിയാത്ത ദുര്‍ബല മനസ്‌കര്‍ക്ക് വേണ്ടിയാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിജിപിയെ നീക്കണമെന്നു തന്നെയാണ് പാർട്ടി നിലപാട്. റിപ്പോര്‍ട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ ആ വാക്കുകളെ മാനിക്കുക സിപിഐയുടെ രാഷ്ട്രീയ കടമയാണെന്നും റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Exit mobile version