Site iconSite icon Janayugom Online

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

സിപിഐ ജില്ലാസമ്മേളനത്തിന് തുടക്കം കുറിച്ച് കന്റോണ്‍മെന്റ് മൈതാനിയില്‍ ചെങ്കൊടി ഉയര്‍ന്നു. ജന്മിനാടുവാഴികളുടെ കാല്‍ച്ചുവട്ടില്‍ ചവിട്ടിയരയ്ക്കപ്പെട്ട ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്പിന് സാക്ഷ്യം വഹിച്ച മൈതാനിയിലെ കെ എസ് ആനന്ദന്റെയും പി ഭാസ്കരന്റെയും നാമധേയത്തിലുള്ള നഗറില്‍ ആയിരങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്കിടെ മുന്‍ ജില്ലാസെക്രട്ടറി എന്‍ അനിരുദ്ധന്‍ ചെങ്കൊടി ഉയര്‍ത്തി. ശൂരനാട് രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും സംസ്ഥാന എക്സിക്യൂട്ടീവംഗം കെ ആര്‍ ചന്ദ്രമോഹനന്‍ സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷനംഗം കെ ശിവശങ്കരന്‍നായര്‍ക്ക് കൈമാറിയ പതാക, ആര്‍ എസ് അനില്‍ ക്യാപ്റ്റനും എസ് വേണുഗോപാല്‍ ഡയറക്ടറുമായ ജാഥ സമ്മേളന നഗരിയിലെത്തിച്ചു. കെ രാജു ഏറ്റുവാങ്ങി. കടയ്ക്കല്‍ വിപ്ലവ സ്മാരകത്തില്‍ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്ത് ഡോ. ആര്‍ ലതാദേവി കൈമാറിയ കൊടിമരം ജി ബാബു ക്യാപ്റ്റനായും എസ് ബുഹാരി ഡയറക്ടറായുമുള്ള ജാഥയാണ് എത്തിച്ചത്. കെ എസ് ഇന്ദുശേഖരന്‍നായര്‍ ഏറ്റുവാങ്ങി.

കോട്ടാത്തല സുരേന്ദ്രന്‍ രക്തസാക്ഷിമണ്ഡപത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത് ഐ ഷിഹാബ് കൈമാറിയ ദീപശിഖ എസ് നിധീഷ് ക്യാപ്റ്റനും ജോബിന്‍ ജേക്കബ് ഡയറക്ടറുമായി അത്‌ലറ്റുകള്‍ കൊണ്ടുവന്നു. ജി ആര്‍ രാജീവന്‍ ഏറ്റുവാങ്ങി. ചാത്തന്നൂര്‍ ഉളിയനാട് രാജേന്ദ്രന്‍ സ്മൃതികുടീരത്തില്‍ ദേശീയ കൗണ്‍സിലംഗം ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത ബാനര്‍ ജി എസ് ജയലാല്‍ എംഎല്‍എ കൈമാറി കെ ജഗദമ്മ ക്യാപ്റ്റനും ഹണി ബെഞ്ചമിന്‍ ഡയറക്ടറുമായ ജാഥ എത്തിച്ചു. എം സലിം ഏറ്റുവാങ്ങി. തുടര്‍ന്ന് പാര്‍ട്ടി നൂറാം വാര്‍ഷികാഘോഷവും കുടുംബസംഗമവും ദേശീയ എക്സിക്യുട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകവും അരങ്ങേറി. ഇന്ന് വൈകിട്ട് പതിനായിരം റെഡ് വോളണ്ടിയര്‍മാര്‍ പങ്കെടുക്കുന്ന മാര്‍ച്ചിനുശേഷം കാനം രാജേന്ദ്രന്‍ നഗറില്‍ (കന്റോണ്‍മെന്റ് മൈതാനി) പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. നാളെ മുതല്‍ മൂന്ന് വരെ ആര്‍ രാമചന്ദ്രന്‍ നഗറില്‍ (സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍) പ്രതിനിധി സമ്മേളനം നടക്കും.

Exit mobile version