Site icon Janayugom Online

ലഖിംപൂരിലെ കര്‍ഷക വേട്ടയില്‍ പ്രതിഷേധിച്ച സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തു

കര്‍ഷകര്‍ക്കിടയിലേക്ക് ‘കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചു കയറ്റി എട്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയടക്കം നേതാക്കളെയും അറസ്റ്റുചെയ്തു. ഡല്‍ഹിയിലെ യുപി ഹൗസിന് മുന്നിലേക്ക് പ്രതിഷേധ പ്രകടനം നയിച്ച സിപിഐ നേതാക്കളെയും അറസ്റ്റു ചെയ്തിരിക്കുന്നത്. ജനറല്‍ സെക്രട്ടറി ഡി രാജ, നേതാക്കളായ അതുല്‍കുമാര്‍ അഞ്ജാന്‍, ബിനോയ് വിശ്വം, ആനി രാജ, ഡോ. കെ നാരായണ, ഡല്‍ഹി സംസ്ഥാന സെക്രട്ടറി ദിനേഷ് ചന്ദ്ര വാഷ്ണെ, കേരള സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ പ്രകാശ്ബാബു, എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ പി രാജേന്ദ്രന്‍, എഐവൈഎഫ് ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ, കേരള സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് തുടങ്ങി നിരവധി നേതാക്കളെയാണ് അറസ്റ്റുചെയ്തത്.

ഡല്‍ഹിയില്‍ തുടരുന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം ലംഖിപൂരിലെ കൂട്ടക്കൊലയില്‍ ശക്തമായി പ്രതിഷേധിച്ചു. തുടര്‍ന്നാണ് യുപി ഹൗസിലേക്ക് പ്രകടനം നടത്തിയത്. പ്രകടനം നയിച്ച ജനറല്‍ സെക്രട്ടറിയടക്കം നേതാക്കളെ അറസ്റ്റുചെയ്ത പൊലീസ് നടപടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങളുയര്‍ന്നിരിക്കുകയാണ്. ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്ന കക്ഷിനേതാക്കളെയും പ്രവര്‍ത്തകരെയും കര്‍ഷകരെയും പൊലീസിനെ ഉപയോഗിച്ച് നേരിടാനാണ് ഭരണകൂട ശ്രമം.

കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കുകയും സംഭവസ്ഥലത്തേയ്ക്ക് പുറപ്പെടുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയെ ഇന്നലെ തടഞ്ഞുവച്ചു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി, പഞ്ചാബ് ഉപമുഖ്യമന്ത്രി എന്നിവരെ ലഖ്നൗ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ പൊലീസ് അനുവദിച്ചില്ല. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും പൊലീസ് വിലക്കേര്‍പ്പെടുത്തി.

കര്‍ഷകരുടേതടക്കം മോഡി ഭരണകൂടത്തിന്റെ കിരാതവേട്ട ഈവിധം തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയത്. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജ്യ മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കര്‍ഷകര്‍ പ്രതിഷേധിച്ചെത്തിയത്. ഉപമുഖ്യമന്ത്രി ഇറങ്ങാന്‍ തയ്യാറാക്കിയ ഹെലിപാഡില്‍ ട്രാക്ടറുകള്‍ കയറ്റിയിട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. പിന്നാലെ പരിപാടി സ്ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി കിസാന്‍സഭയടക്കം കര്‍ഷകസംഘടനകളുടെ നേതൃതത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം ശക്തമായതോടെ മന്ത്രിയുടെ മകനടക്കം കൊലയാളികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Exit mobile version