Site iconSite icon Janayugom Online

സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

സിപിഐ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അഞ്ച് വരെ പരപ്പനങ്ങാടിയിലാണ് സമ്മേളനം നടക്കുക. 237 പ്രതിനിധികൾ പങ്കെടുക്കും. പതാക, ബാനർ, കൊടിമര ജാഥകള്‍ ഉച്ചകഴിഞ്ഞ് മൂന്നിന് തിരൂരങ്ങാടി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഗമിക്കും.
പതാക ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ സെയ്തലവി, ബാനർ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി എച്ച് നൗഷാദ്, കൊടിമരം സ്വാഗത സംഘം ട്രഷറർ ജി സുരേഷ് കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങും. നാല് മണിക്ക് റെഡ് വോളണ്ടിയർ മാർച്ച് ആരംഭിക്കും. തുടര്‍ന്ന് കെ ബാബുരാജ് നഗറിൽ (പയനിങ്കൽ ജങ്ഷൻ) സ്വാഗതസംഘം ചെയർമാൻ നിയാസ് പുളിക്കലകത്ത് പതാക ഉയർത്തും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എം പി സല്യൂട്ട് സ്വീകരിക്കും. പൊതുസമ്മേളനം ദേശീയ കൗൺസിൽ അംഗവും റവന്യുമന്ത്രിയുമായ കെ രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് അധ്യക്ഷത വഹിക്കും. 

നാളെ രാവിലെ ഒമ്പതിന് കെ കോയക്കുഞ്ഞി നഹ സമൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന ദീപശിഖ പ്രയാണം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ഫ്ലാഗ് ഓഫ് ചെയ്യും. എഐഎസ്എഫ് ജില്ലാ സെക്രട്ടറി എം കെ മുഹമ്മദ് അർഷാദിന്റെ നേതൃത്വത്തിൽ കൊണ്ടു വരുന്ന ദീപശിഖ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഏറ്റുവാങ്ങും. പ്രതിനിധി സമ്മേളന വേദിയായ കെ പ്രഭാകരൻ നഗറിൽ (പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയം) പ്രൊഫ. ഇ പി മുഹമ്മദാലി പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ സത്യൻ മൊകേരി, പി പി സുനീർ എം പി, മന്ത്രി ജി ആർ അനിൽ, മുല്ലക്കര രത്നാകരൻ, രാജാജി മാത്യു തോമസ്, സി കെ ശശിധരൻ എന്നിവർ പങ്കെടുക്കും. അഞ്ചിന് സമാപിക്കും. 

Exit mobile version