കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നിർദേശങ്ങൾ പിൻവലിക്കുക, അദാനി ഗ്രൂപ്പിന്റെ വഴിവിട്ട ഇടപാടുകൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സിപിഐ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ജില്ലാ-മണ്ഡലം കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
എറണാകുളം ബിഎസ്എൻഎൽ ഓഫിസിലേക്ക് നടത്തിയ മാർച്ച് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു. സമ്പന്നന്മാർക്ക് വേണ്ടി ഓശാന പാടുന്ന കേന്ദ്ര സർക്കാർ ജനങ്ങൾക്കൊപ്പമല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. അഡാനി കൂട്ടുകെട്ടിനെപ്പറ്റി ആദ്യം പറഞ്ഞപ്പോൾ ആ സത്യം വിശ്വസിക്കാത്തവർ ഉണ്ടായിരുന്നു. ഇപ്പോൾ പുറത്തു വന്ന കഥകൾ കേട്ട് ജനം മോഡിയുടെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്ര മുതൽ മന്ത്രിമാരേക്കാൾ മുന്തിയ പരിഗണന അഡാനിക്ക് നൽകിയിരുന്നു. ഗുജറാത്തിൽ തുടങ്ങിയ കൂട്ടുകെട്ടിന്റെ തുടർച്ചയാണ് അഡാനിക്ക് വളരാനുള്ള എല്ലാ സൗകര്യങ്ങളും കേന്ദ്ര സർക്കാർ ഒരുക്കിക്കൊടുത്തുകൊണ്ടിരിക്കുന്നത്. എസ്ബിഐയിൽ നിന്നും കോടികളുടെ വായ്പ അഡാനിക്ക് ലഭിക്കാൻ ഇടയാക്കിയതും മോഡിയുടെ ഇടപെടലാണ്. നിലവിൽ അഡാനി ഗ്രൂപ്പിന്റെ ഓഹരി തകർച്ച രാജ്യത്തെ പ്രതിസന്ധിയിലാക്കും. എൽഐസിയെയും സാധാരണ നിക്ഷേപകരേയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് ധര്‍ണ ജില്ലാ സെക്രട്ടറി സി പി ബാബുവും കണ്ണൂർ ആർഎസ് പോസ്റ്റ് ഓഫിസ് മാർച്ച് ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാറും കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസ് ധർണ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറി സത്യൻ മൊകേരിയും മലപ്പുറത്ത് ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസും പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ജില്ലാസെക്രട്ടറി കെ പി സുരേഷ് രാജും തൃശൂര്‍ ചാവക്കാട് പോസ്റ്റ് ഓഫിസിനു മുന്നില്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജും കോട്ടയം ചങ്ങനാശേരിയില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരനും ആലപ്പുഴ ബിഎസ്എൻഎൽ ഓഫിസിന് മുന്നിൽ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും ഉദ്ഘാടനം ചെയ്തു.
English Summary: CPI National Agitation: CPI National Agitation, March and Dharna to Central Government Offices
You may also like this