Site iconSite icon Janayugom Online

ഇന്ധനവില വര്‍ധനക്കെതിരെ സിപിഐ; നാലു മുതല്‍ പത്തുവരെ പ്രതിഷേധ വാരാചരണം

തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവിനെതിരെ ഏപ്രില്‍ നാലു മുതല്‍ പത്തുവരെ പ്രതിഷേധ വാരാചരണം നടത്തുവാന്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. പാര്‍ട്ടി തനിച്ചും സമാനമനസ്കരുമായി ചേര്‍ന്നും വാരാചരണത്തിന്റെ ഭാഗമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സെക്രട്ടേറിയറ്റ് അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധന വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന നടപടിയില്‍ സെക്രട്ടേറിയറ്റ് പ്രതിഷേധിക്കുകയും വില വര്‍ധന തടയുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഒമ്പതാം തവണയാണ് ഇന്നലെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടക്കുകയും ഡീസല്‍ വില 100നടുത്ത് എത്തിയിരിക്കുകയുമാണ്. മുംബൈയില്‍ യഥാക്രമം 116.72, 100.94 രൂപ വീതമാണ് പെട്രോളിന്റെയും ഡീസലിന്റെയും ഇന്നലത്തെ വില. വന്‍കിട നഗരങ്ങളില്‍ മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന വിലനിലവാരം. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നതിനാലാണ് ഇതുവരെ നിരക്കുവര്‍ധന പിടിച്ചുനിര്‍ത്തിയതെന്നത് ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. പാചകവാതകത്തിനൊപ്പം പൈപ്പ്‌ലൈന്‍ വാതകത്തിന്റെയും വില കൂട്ടി.

ആർഎസ്എസ്-ബിജെപി സർക്കാരിന് ജനങ്ങളുടെ കഷ്ടപ്പാടുകളെ കുറിച്ച് യാതൊരു ആശങ്കയുമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഈ നടപടികളെല്ലാം നിത്യജീവിതത്തിലെ എല്ലാ അവശ്യ വസ്തുക്കളുടെയും വിലവര്‍ധനയില്‍ വന്‍തോതില്‍ സ്വാധീനം ചെലുത്തുമെന്ന വസ്തുത മോഡി സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ധന വില വര്‍ധന പിന്‍വലിക്കണമെന്നും വില നിയന്ത്രണ സംവിധാനം തിരികെ കൊണ്ടുവരണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കൂടാതെ നിത്യജീവിതത്തിലെ അവശ്യ വസ്തുക്കളുടെ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കാനാകില്ലെന്നും ഇക്കാര്യം കമ്പനികളെ ബോധ്യപ്പെടുത്തണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Eng­lish summary;CPI oppos­es fuel price hike

You may also like this video;

Exit mobile version