സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം. കേരള സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നാമധേയത്തിലുള്ള പ്രധാന ഹാളിലെ സുധാകര്‍ റെഡ്ഡി നഗറില്‍ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ഭുപീന്ദര്‍ സാംബര്‍ പാര്‍ട്ടി പതാക ഉയര്‍ത്തി. അനശ്വര രക്തസാക്ഷി ഭഗത് സിങ്ങിന്റെ അനന്തരവന്‍ പ്രൊഫ. ജഗ്മോഹന്‍ സിങ് ദേശീയ പതാകയുയര്‍ത്തി. ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു.
സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ(എംഎല്‍ ലിബറേഷന്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍എസ്‌പി നേതാവ് മനോജ് ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ തുടങ്ങിയവർ അഭിവാദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് കരട് രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോര്‍ട്ട്, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിക്കും. വൈകിട്ട് 4.45ന് ക്യൂബന്‍, പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യ സമ്മേളനം നടക്കും. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള അംബാസഡര്‍മാര്‍ പങ്കെടുക്കും. തുടര്‍ന്ന് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ആരംഭിക്കും.
ഫോട്ടോ വി എൻ കൃഷ്ണപ്രകാശ്

